Top News

അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറി കേസ്; പിടിച്ചെടുത്ത മരത്തിന്‍റെ പൂർണമായ കണക്ക് സമർപ്പിക്കണമെന്ന് കോടതി ബത്തേരി സിജെഎം കോടതിയുടേതാണ് നിർദേശം



വയനാട്: അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറിക്കേസിൽ പിടിച്ചെടുത്ത മരത്തിന്‍റെ പൂർണമായ കണക്ക് സമർപ്പിക്കാൻ നിർദേശിച്ച് കോടതി. മരക്കൊമ്പുകൾ ഉൾപ്പെടെയുള്ളവയുടെ കണക്കുകൂടി സമർപ്പിക്കാൻ പൊലീസിന് സുൽത്താൻ ബത്തേരി സിജെഎം കോടതി നിർദേശം നൽകി. നേരത്തെ, 112 മരങ്ങളുടെതായി 800 തടികളുടെ കണക്കാണ് പൊലീസ് സമർപ്പിച്ചിരുന്നത്. തടികൾ ലേലം ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് പൂർണമായ കണക്ക് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മേപ്പാടി റെയിഞ്ച് ഓഫീസിലാണ് മരങ്ങളുടെ കമ്പുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിരിക്കുന്നത്. അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറി കേസിൽ അന്വേഷണസംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവർ പ്രതികളായ കേസുകളിലാണ് സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ടേറ്റ് കോടതിയിൽ പോലിസ് കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ 41 കേസുകളിലും പോലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.


നേരത്തെ വനം വകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ വയനാട് അഡീഷണൽ ജില്ലാ കോടതി തള്ളിയിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിയ കേസിൽ മരങ്ങൾ തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിച്ചാണ് അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. തടികൾ മുറിച്ച് കടത്തിയത് വനഭൂമിയിൽ നിന്നോ റവന്യൂ ഭൂമിയിൽ നിന്നോ ആണെന്ന വനം വകുപ്പിൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിൻ്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിയത്. പതിനഞ്ച് കോടിയോളം വിലമതിക്കുന്ന തടികൾ ഇപ്പോൾ വനം വകുപ്പിൻ്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

Previous Post Next Post