Top News

ഗാസയിൽ കൊടുംപട്ടിണി: മരണം 110

Photo: Reuters

ജറുസലം: ഇസ്രയേൽ ഉപരോധത്തെത്തുടർന്നു പട്ടിണി പടർന്നതോടെ ഗാസയിൽ 10 പലസ്തീൻകാർ കൂടി മരിച്ചു. ഇതോടെ സമീപദിവസങ്ങളിൽ വിശന്നുമരിച്ചവരുടെ എണ്ണം 80 കുട്ടികൾ ഉൾപ്പെടെ 110 ആയി. പട്ടിണിമരണം പടരുന്നുവെന്നും അടിയന്തരമായി സഹായമെത്തിക്കണമെന്നും 105 മനുഷ്യാവകാശ, ജീവകാരുണ്യ സംഘടനകൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സഹായം തടയുന്നത് ഇസ്രയേലാണെന്നും കുറ്റപ്പെടുത്തി.  


ഇതിനിടെ, ഇസ്രയേൽ ബോംബാക്രമണങ്ങളിൽ ഇന്നലെ 21 പലസ്തീൻകാർ കൊല്ലപ്പെട്ടു. പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഗാസ സിറ്റിയിൽ 6 കുട്ടികളും 2 സ്ത്രീകളുമടക്കം 12 പേരും വടക്കൻ ഗാസയിലെ തലാൽ ഹവയിൽ 3 കുട്ടികളും 2 സ്ത്രീകളുമടക്കം 6 പേരുമാണു കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിൽ ടെന്റിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 3 കുട്ടികളുമാണു കൊല്ലപ്പെട്ടത്.


‘അവസാന റിപ്പോർട്ടറും മരണത്തിന്റെ വക്കിൽ’ വാഷിങ്ടൻ ∙ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ, ഗാസയിലെ അവസാന റിപ്പോർട്ടറും മരിക്കുമെന്നു പാരിസ് ആസ്ഥാനമായ വാർത്താ ഏജൻസി എഎഫ്പി മുന്നറിയിപ്പു നൽകി. പുറമേനിന്നുള്ള മാധ്യമപ്രവർത്തകരെ ഇസ്രയേൽ വിലക്കിയിട്ടുള്ളതിനാൽ റോയിട്ടേഴ്സ്, എ എഫ്പി, എപി തുടങ്ങിയ രാജ്യാന്തര വാർത്താ ഏജൻസികൾ ആശ്രയിക്കുന്നത് പലസ്തീൻ മാധ്യമപ്രവർത്തകരെയാണ്. സുരക്ഷാപ്രശ്നത്തിനു പുറമേ പട്ടിണി കൂടി പടർന്നതോടെ ഗാസയിൽ ശേഷിക്കുന്ന മാധ്യമപ്രവർത്തകരും മരണത്തിന്റെ വക്കിലാണ്.

Post a Comment

Previous Post Next Post