Top News

ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ തലക്ക് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി ഭാര്യയും കാമുകനും


ചെന്നൈ: ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് തലക്ക് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി. പെരുമ്പാക്കം സ്വദേശിയും എൽപിജി സിലിണ്ടർ ഡെലിവറി ജീവനക്കാരനുമായ പളനിസാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പളനിസാമിയുടെ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. 


പെരുമ്പാക്കം ബസ് സ്റ്റാൻഡിന് സമീപം ജൂലൈ 19നായിരുന്നു സംഭവം. പളനിസാമിയുടെ ഭാര്യ വീരലക്ഷ്മി (38), കാമുകൻ അശോക് കുമാറും (45) ചേർന്നാണ് കൃത്യം നടത്തിയത്. പളനിസാമിയുടെയും വീരലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞിട്ട് 15 വർഷമായെന്നും ഒരു കുട്ടിയുണ്ടെന്നും പൊലീസ് പറഞ്ഞു.


ഇരുവരും പലപ്പോഴും വഴക്കുണ്ടാക്കിയിരുന്നുവെന്നും, പളനിസാമി പലതവണ ആക്രമിച്ചതായും വീരലക്ഷ്മി ആരോപിച്ചു. വീരലക്ഷ്മിയും കാമുകൻ അശോക് കുമാറും തമ്മിലുള്ള ബന്ധം കൂടുതൽ തർക്കങ്ങൾക്ക് കാരണമായതായി പൊലീസ് പറഞ്ഞു. ജൂലൈ 18ന് പളനിസാമി വീരലക്ഷ്മിയെ ആക്രമിച്ച് വീട് വിട്ടുപോയി. തുടർന്ന് വീരലക്ഷ്മി അശോക് കുമാറിനെ വിവരം അറിയിച്ചു.

പിറ്റേന്ന് പെരുമ്പാക്കം ബസ് സ്റ്റാൻഡിലെ ഒരു ബെഞ്ചിൽ ഉറങ്ങിക്കിടക്കുന്ന പളനിസാമിയെ ഇയാൾ കണ്ടെത്തുകയും കല്ലുകൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഫോൺ രേഖകൾ പരിശോധിക്കുകയും ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യയിൽ അശോക് കുമാർ കുറ്റം സമ്മതിച്ചു. തുടർന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post