Top News

കപ്പൽ അപകടം: ഗുരുതര പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ ആറു പേരെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു; നാലു പേർക്കായി തിരച്ചിൽ

മംഗളൂരു: കേരള തീരത്ത് തീപിടിച്ച എം.വി വാൻഹായ് 503 കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാരെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ ആറു പേരെയാണ് മംഗളൂരുവിലെ എ.ജെ. ആശുപത്രിയിലാണ് എത്തിച്ചത്. ചൈന സ്വദേശികളായ ലൂ യെൻലി, സൂ ഫാബിനോ, ഗുവോ ലലിനോ, തായ് വാൻ സ്വദേശി സോനിറ്റുൽ ഹസൈനി, മ്യാൻമർ സ്വദേശികളായ തെയ്ൻലി താഹട്ടെ, കൈ സാഹട്ടു എന്നിവരാണ് ആശുപത്രിയിലുള്ളത്.[www.malabarflash.com]


നാവികസേന കപ്പലായ ഐ.എൻ.എസ് സൂറത്തിലാണ് ജീവനക്കാരെ മംഗലാപുരം തുറമുഖത്ത് എത്തിച്ചത്. അവിടെ നിന്ന് പ്രത്യേക ആംബുലൻസിലാണ് ഗുരുതര പരിക്കേറ്റവർ അടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 18 പേരെയാണ് നാവികസേന രക്ഷപ്പെടുത്തിയത്. നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം, കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കോസ്റ്റ് ​ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നുവെന്നും കപ്പൽ പൂർണമായും തകരുവാനുള്ള സാധ്യതയുണ്ടെന്നുമാണ് വിവരം.

കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും നാവിക സേനയുടെ ഒരു കപ്പലും മൂന്നു ‍‍‍‍ഡോണിയർ വിമാനങ്ങളും സംഭവ സ്ഥലത്തുള്ളത്. കപ്പലിലെ 620 കണ്ടെയ്നറുകളിൽ പൊട്ടിത്തെറിക്ക് കാരണമായ അപകടരമായ വസ്തുകളുള്ളത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പൽ വൻ സ്ഫോടനത്തോടെ കപ്പലിന് തീപിടിക്കുന്നത്. അഴീക്കലിനും ബേപ്പൂരിനുമിടയിൽ അന്തർദേശീയ കപ്പൽ പാതയിലാണ് അപകടം. ചൈന മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരായ 22 തൊഴിലാളികളാണ് കപ്പലിൽ ഉണ്ടായിരുന്നത്.

ഇതിൽ 18 പേർ കടലിൽ ചാടി. ഇവരെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു. കപ്പലിലെ കണ്ടെയ്നറുകളിൽ എന്താണുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. അപകടകരമായ ലിഥിയം ബാറ്ററികൾ, ഗൺപൗഡറുകൾ, ആസിഡ് തുടങ്ങിയവയാണ് ഉള്ളത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇതേക്കുറിച്ച് ഉടനടി റിപ്പോർട്ട് ചെയ്യാൻ ഉടമകളോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post