Top News

'കുട്ടികളുടെ ശസ്ത്രക്രിയ അടുത്തയാഴ്ചയാണ്, അത് പൂർത്തിയാക്കാൻ അനുവദിക്കണം'- അഭ്യർഥനയുമായി പാക് പൗരൻ


ന്യൂഡല്‍ഹി: പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയിലുള്ള പാകിസ്താന്‍ പൗരന്മാരോട് രാജ്യം വിടാനുള്ള നിർദേശം കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ നൽകിയത്. പാകിസ്താന്‍ പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാരിനോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് ഒരു പാക് പൗരൻ.[www.malabarflash.com]


കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ പാക് പൗരൻ, കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന അഭ്യർഥനയുമായാണെത്തിയിരിക്കുന്നത്. ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളുടെ പിതാവാണ് ഇദ്ദേഹം.

'കുട്ടികള്‍ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മികച്ച ചികിത്സ ആവശ്യമാണ്. അത് ന്യൂഡല്‍ഹിയിലാണ് നടക്കുന്നത്. എന്നാല്‍ പഹല്‍ഗാമിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളോട് ഉടന്‍ പാകിസ്താനിലേക്ക് മടങ്ങാനാണ് പറയുന്നത്. കുട്ടികളുടെ ശസ്ത്രക്രിയ അടുത്തയാഴ്ചയാണ്.'- അദ്ദേഹം ജിയോ ന്യൂസിനോട് പറഞ്ഞു.

'എൻ്റെ കുട്ടികളുടെ ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ഞാൻ സർക്കാരുകളോട് അഭ്യർഥിക്കുന്നു. കാരണം ഞങ്ങളുടെ യാത്രയ്ക്കും താമസത്തിനും കുട്ടികളുടെ ചികിത്സയ്ക്കുമായി ഒരുപാട് തുക ചെലവഴിച്ചിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു. ആശുപത്രി അധികൃതര്‍ ഈ കുടുംബവുമായി സഹകരിക്കുന്നുണ്ടെങ്കിലും പോലീസ് ഇവരോട് ഡല്‍ഹി വിടാന്‍ നിര്‍ദേശിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്താന്‍ പൗരന്മാരോട് ഏപ്രില്‍ 27-നകം ഇന്ത്യ വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാര്‍ക്ക് രണ്ട് ദിവസം കൂടി അധികമായി ലഭിക്കും. ഇവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടേണ്ടിവരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

നയതന്ത്ര നടപടികളുടെ ഭാഗമായി പാക് പൗരന്മാര്‍ക്ക് പുതുതായി വിസ നല്‍കുന്നതും ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവിലുള്ള വിസകൾ റദ്ദാക്കുകയും ചെയ്തു. കൂടാതെ ഇന്ത്യക്കാര്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണത്തിനുപിന്നാലെയുള്ള സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യയുമായുള്ള 1972-ലെ ഷിംല കരാര്‍ പാകിസ്താന്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് പാക് വ്യോമമേഖല അടയ്ക്കുകയും ചെയ്തു.

Post a Comment

Previous Post Next Post