ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം കലുഷിതമായതിന് പിന്നാലെ സിന്ധു നദീജലം തടയുന്നതിനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നു. പാകിസ്താനുള്ള നയതന്ത്ര തിരിച്ചടിയുമായി സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. സിന്ധു നദീജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാന്‍ ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതടക്കമുള്ള മൂന്ന് ഘട്ട പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നതെന്നാണ് വിവരം.[www.malabarflash.com]
ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ജല്‍ ശക്തി മന്ത്രി സി.ആര്‍.പാട്ടീല്‍ പറഞ്ഞു. ഇന്ത്യന്‍ നദീജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള വിശദമായ ഒരു രൂപരേഖ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ഒരു റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. യോഗത്തില്‍ മൂന്ന് മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകാതിരിക്കാന്‍ സര്‍ക്കാര്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല നടപടികള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്. താമസിയാതെ, നദികളിലെ മണ്ണ് നീക്കം ചെയ്തും വെള്ളം വഴിതിരിച്ചുവിടാനുമുള്ള പദ്ധതി തുടങ്ങും' പാട്ടീല്‍ പറഞ്ഞു.
സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന്റെ ഭാഗമായി കമ്മിഷണര്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍, ഡാറ്റ പങ്കിടല്‍, പുതിയ പദ്ധതികളുടെ മുന്‍കൂര്‍ അറിയിപ്പ് എന്നിവയുള്‍പ്പെടെ എല്ലാ ഉടമ്പടി ബാധ്യതകളും താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ അറിയിച്ചിട്ടുണ്ട്.
കരാര്‍ മരവിപ്പിച്ച സാഹചര്യത്തില്‍, പാകിസ്താൻറെ അനുമതിയോ കൂടിയാലോചനയോ ഇല്ലാതെ നദിയില്‍ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയ്ക്കാകും. ഇതിനിടെ സിന്ധു നദീജലം സംബന്ധിച്ച് ഒരു ദീര്‍ഘകാല പദ്ധതിക്ക് സര്‍ക്കാര്‍ നീക്കം ആരംഭിച്ചതായും കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് യോഗം വിളിച്ചുചേര്‍ത്തത്. പാട്ടീലിനെ കുടാതെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍, കരാര്‍ ഉടനടി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഇന്ത്യ ഇതിനോടകം പാകിസ്താനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
0 Comments