Top News

മ്യാൻമറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 20 മരണം; 7.7 തീവ്രത; 1000 കിടക്കകളുള്ള ആശുപത്രിക്കും നാശം

നീപെഡോ: മ്യാന്‍മറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 20 മരണമെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകര്‍ന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകര്‍ന്നു വീണാണ് കൂടുതല്‍ മരണം സംഭവിച്ചത്. പ്രാര്‍ഥന നടക്കുന്നതിനിടെയാണു പള്ളി തകര്‍ന്നു വീണത്. അവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ഭൂചലനത്തിന് പിന്നാലെ മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. (www.malabarflash.com)

നിര്‍മാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകര്‍ന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ 43 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടം തകര്‍ന്നു വീഴുന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഒട്ടേറെപ്പേര്‍ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. നീപെഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയിലും ഭൂചലനം നാശം വിതച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉച്ചയ്ക്ക് (12.50) മ്യാന്‍മറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പട്ടാള ഭരണമുള്ള മ്യാന്‍മറില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. അതേസമയം മ്യാന്‍മറിലെ ദുരിതബാധിതര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ നല്‍കാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ അറിയിച്ചു.


Post a Comment

Previous Post Next Post