Top News

മോഷണം നടത്തി തിരിച്ചു പോയപ്പോള്‍ ബൈക്ക് എടുക്കാന്‍ മറന്നു; ബൈക്ക് മോഷണം പോയെന്ന് പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ് പൊക്കി


മലപ്പുറം: ബൈക്ക് മോഷണം പോയെന്ന് പൊലീസില്‍ പരാതി നല്‍കാനെത്തിയ മോഷ്ടാവ് അറസ്റ്റില്‍. മലപ്പുറം എടപ്പാളില്‍ ആണ് സംഭവം. എടപ്പാളില്‍ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂര്‍ കണ്ടാണശെരി സ്വദേശി പൂത്തറ അരുണ്‍ ആണ് അറസ്റ്റിലായത്. ബൈക്ക് കളവ് പോയെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ ക്ഷേത്ര മോഷണക്കേസില്‍ അരുണ്‍ അറസ്റ്റിലായി. (www.malabarflash.com)

ക്ഷേത്രത്തില്‍ മോഷണത്തിന് എത്തിയ പ്രതി ബൈക്ക് മറന്നു വെച്ചു. മോഷണം നടത്തിയശേഷം ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലം അരുണ്‍ മറന്നുപോയി. സ്വന്തം ബൈക്കില്‍ ആയിരുന്നു അരുണ്‍ ക്ഷേത്രത്തില്‍ മോഷണത്തിന് പോയത്. മോഷണം നടത്തി മോഷ്ടാവ് പോവുകയും ചെയ്തു. പിന്നീട് ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പ്രതി പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ ഇയാളെ പോലീസ് അറസ്റ്റ്.

ജനുവരി അഞ്ചിനാണ് കാന്തല്ലൂര്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 8,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പിന്നാലെ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കാണുന്നത്. പിന്നീട് ബൈക്ക് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് അരുണ്‍ ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കാനെത്തിയത്. ഉടന്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷ്ടാവ് കുടുങ്ങിയത്. മോഷണം നടത്തിയത് താനല്ലെന്ന് പല ആവര്‍ത്തി പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു.

Post a Comment

Previous Post Next Post