NEWS UPDATE

6/recent/ticker-posts

'മലയാളി ഫ്രം ഇന്ത്യ' സിനിമയ്ക്ക് എതിരെ വീണ്ടും കോപ്പിയടി ആരോപണം; കാസർകോട് സ്വദേശിയും രംഗത്ത്‌

ദുബൈ: അടുത്തിടെ റിലീസായ മലയാളസിനിമ മലയാളി ഫ്രം ഇന്ത്യയുടെ കഥാചോരണവുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിൽ കാസർകോട് സ്വദേശിയും ദുബൈയിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലാണ് തൻ്റെ തിരക്കഥയുടെ പ്രമേയവും പല രംഗങ്ങളും കോപ്പിയടിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്.[www.malabarflash.com]

2020 ഡിസംബറിൽ ആരംഭിച്ച് 2021ൽ മാർച്ചിൽ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയാക്കിയ ആൽക്കെമിസ്റ്റ് എന്ന വർക്കിങ് ടൈറ്റിലിട്ടിരുന്ന തൻ്റെ തിരക്കഥയാണ് മോഷ്ടിച്ചതെന്ന് രണ്ട് നോവലുകളും രണ്ട് കഥാ സമാഹാരങ്ങളുമടക്കം ഏഴിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള സാദിഖ് കാവിൽ ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനപ്രിയ കലയായ സിനിമയുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്രാവശ്യം അത് ഏറ്റവും മോശമായ രീതിയിലാണ് മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയും ആശയവുമെല്ലാം തൻ്റേതാണെന്ന് പറഞ്ഞ് തിരക്കഥാകൃത്ത് നിഷാദ് കോയ ആദ്യം കടന്നുവന്നതോടെയാണ് വിവാദം തുടങ്ങിയത്. 

എന്നാൽ തൻ്റേത് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയെന്നും പറഞ്ഞ് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും രംഗത്ത് വന്നു. ഒടുവിൽ ഷാരിസ് മുഹമ്മദ് തൻ്റെ തിരക്കഥയ്ക്ക് ആദ്യമിട്ടിരുന്ന പേര് ആൽക്കെമിസ്റ്റ് ആണെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതോടെയാണ് അത് തൻ്റെ തിരക്കഥ തന്നെയാണെന്ന് ഉറപ്പായതെന്ന് സാദിഖ് പറഞ്ഞു. 

അതുവരെ ഇന്ത്യ–പാക് ബന്ധത്തിൻ്റെ കഥ ആരുടെയും മനസിലുദിക്കാമല്ലോ എന്നായിരുന്നു ചിന്ത. ചിത്രം സംവിധാനം ചെയ്യാനുള്ള പ്രവർത്തനങ്ങളിലേ‍ർപ്പെട്ടിരുന്ന സനീഷ് നമ്പ്യാരും ഇതേക്കുറിച്ചറിയാവുന്ന സുഹൃത്തുക്കളും അഭിപ്രായപ്പെട്ടതോടെയാണ് ഇതൊക്കെ വെളിപ്പെടുത്താൻ തീരുമാനിച്ചത്. 2020 മുതല്‍ ഞാന്‍ ഈ തിരക്കഥയുടെ പിറകിലായിരുന്നു. അടുത്തിടെ മരിച്ചുപോയ എൻ്റെ സുഹൃത്തും തിരക്കഥാകൃത്തുമായ(സക്കറിയയുടെ ഗർഭിണികൾ, റേഡിയോ, ഒരു സർക്കാർ ഉത്പന്നം) നിസാം റാവുത്തർക്ക് സംവിധാനം ചെയ്യാൻ വേണ്ടി എഴുതിയ തിരക്കഥ സംബന്ധമായി ഞങ്ങൾ അക്കാലം മുതൽ വാട്സാപ്പിലൂടെയും ഫോണിലൂടെയും ചർച്ച ചെയ്തുകൊണ്ടിരുന്നു. 

2021 ഫെബ്രുവരിയിൽ കഥയുടെ വൺലൈൻ നിസാമിന് കൈമാറി. 2021 മാർച്ച് 28ന് തിരക്കഥയുടെ ആദ്ര ഡ്രാഫ്റ്റും മെയിലായി അയച്ചുകൊടുത്തു. ഇതിൻ്റെ ഡിജിറ്റൽ തെളിവുകൾ കൈയിലുണ്ടെങ്കിലും ഇക്കാര്യത്തിൽ സുതാര്യത വരുത്തേണ്ടിയിരുന്ന, ഏറെ കാലം കാസർകോട് സർക്കാർ വകുപ്പിൽ ജോലി ചെയ്തിരുന്ന നിസാം റാവുത്തർ അടുത്തിടെ മരണപ്പെട്ടു പോയതിനാൽ നമുക്ക് സാധ്യമല്ല. അബുദാബിയിലെ ഒരു ദ്വീപായിരുന്നു എൻ്റെ തിരക്കഥയുടെ പശ്ചാത്തലം. അവിടെ ഒരേ മുറിയിൽ ജീവിക്കുന്ന ഒരു മലയാളിയും പാക്കിസ്ഥാനിയും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു പ്രമേയം. 

സ്ത്രീ വിദ്യാഭ്യാസം– സ്ത്രീ ശാക്തീകരണം എന്ന പ്രമേയമായിരുന്നു അവതരിപ്പിക്കാൻ ശ്രമിച്ചത്. ഇതേ ആശയമാണ് മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലേതും എന്ന് സിനിമ കണ്ടവർക്ക് മനസിലാകും. പിന്നീട്, ചില സമയക്കുറവുകൾ മൂലം നിസാം റാവുത്തർ സംവിധാനത്തിൽ നിന്ന് പിന്മാറുകയും അറിയപ്പെടുന്ന ക്യാമറാമാനും ആഡ് ഫിലിം മെയ്ക്കറുമായ ജിബിൻ ജോസ് സംവിധാനം ചെയ്യാൻ വേണ്ടി കടന്നുവരികയും ചെയ്തു. അദ്ദേഹം പ്രൊജക്ടുമായി മുന്നോട്ടുപോയി. 

2022ൽ ത സംവിധായകൻ സക്കറിയ(സുഡാനി ഫ്രം നൈജീരിയ ഫെയിം)യുമായി പ്രമേയം പങ്കുവച്ചപ്പോൾ, ഇതേ പോലുള്ളൊരു കഥ മറ്റ് രണ്ട് ടീമുകൾ നിർമിക്കാനുള്ള ഒരുക്കത്തിലാണെന്ന് പറയുകയും ചെയ്തു. പിന്നീട്, ജിബിൻ ജോസ് തൻ്റെ ജോലിത്തിരക്ക് കാരണം മുന്നോട്ടുപോകാൻ പ്രയാസമാണെന്നറിഞ്ഞപ്പോൾ ഇപ്പോൾ സിനിമയിൽ പ്രവർത്തിച്ചുവരുന്ന മുൻ മാധ്യമപ്രവർത്തകൻ സനീഷ് നമ്പ്യാർ ചിത്രം സംവിധാനം ചെയ്യാൻ വേണ്ടി തയ്യാറാവുകയായിരുന്നു. അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് മലയാളി ഫ്രം ഇന്ത്യ റിലീസാകുന്നത്. 

എൻ്റെ തിരക്കഥയുടെ പ്രമേയം അറിയാവുന്നവർ ഈ സിനിമയ്ക്ക് അതുമായുള്ള സമാനതകൾ എന്നെ അറിയിച്ചു. പിന്നീട് സിനിമ കണ്ടപ്പോൾ എനിക്കും അത് ബോധ്യമായി. അപ്പോഴും ഇത്തരമൊരു ആശയം ആരുടെയും ചിന്തയിലുദിക്കാമല്ലോ എന്നാലോചിച്ചു ഞങ്ങൾ മൗനം പാലിച്ചതാണ്. എന്നാൽ കഴിഞ്ഞദിവസം ഷാരിസ് മുഹമ്മദുമായുള്ള അഭിമുഖത്തിൽ അദ്ദേഹം തൻ്റെ തിരക്കഥ ഉയർത്തിപ്പിടിച്ചപ്പോൾ അതിൽ ആൽക്കെമിസ്റ്റ് എന്ന് എഴുതിക്കണ്ടപ്പോഴാണ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമായത്. ഞങ്ങൾ ഇതേ പേരിൽ അന്ന് ഒരു പോസ്റ്റർ പോലും ഡിസൈൻ ചെയ്തിരുന്നു. 

ഇതൊരു വ്യക്തിയുടെ നഷ്ടമോ പ്രശ്നമോ ആയി ചുരുക്കിക്കാണരുത്. ഒരു തിരക്കഥ പൂർത്തിയാക്കാൻ ഏറെ സർഗശേഷിയും ഊർജവും ആവശ്യമുണ്ട്. സ്വപ്നങ്ങൾ പോലും മോഷ്ടിക്കപ്പെടാവുന്ന , അല്ലെങ്കിൽ നഷ്ടപ്പെട്ടുപോകുന്ന ഒരു കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത്. സത്യസന്ധത, നൈതികത തുടങ്ങിയവയൊക്കെ കണികാണാൻ പോലും കിട്ടാതായി. ആധുനിക ലോകത്തിൻ്റെ കലയായ സിനിമ വളരെ വൃത്തികെട്ട രീതിയിൽ അധഃപതിക്കുക എന്നതാണ് ഇവിടെ സംഭവിച്ചത്. പതിവായി ഇങ്ങനെ സംഭവിക്കുന്നത് അതനുവദിക്കുക എന്നത് ഒരു കലയിൽ എന്തുമാകാം എന്ന ലൈസൻസ് ആയി മാറും. 

നീതിക്ക് വേണ്ടിയുള്ള ശബ്ദമുയർത്തൽ മാത്രമാണിത്. ഈ മേഖലയിലേയ്ക്ക് പ്രതീക്ഷകളോടെ കടന്നുവരാൻ ആഗ്രഹിക്കുന്ന ഒരുതലമുറ അതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പലരുടെയും അടുത്തുപോയി കഥയും മറ്റും അവതരിപ്പിക്കുകയും തിരക്കഥ കൈമാറുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ, അവരെയെല്ലാം തീർത്തും നിരാശരാക്കുകയും എന്നെന്നേക്കുമായി പിന്തിരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രവണത ഈ വ്യവസായ മേഖലയ്ക്ക് തന്നെ ശാപമാണ്. അത് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ട്. 

ക്രോണോളജിക്കൽ എവിഡൻസ് ഉപയോഗിച്ച് എനിക്ക് തിരക്കഥ എൻ്റേതെന്ന് തെളിയിക്കാൻ സാധിക്കും. നിസാം റാവുത്തരുമായി 2020 ഡിസംബർ മുതൽ നടത്തിയ വാട്സ് ആപ്പ് ചാറ്റും ഇ–മെയിലും തിയതിയും സമയവും വച്ച് ഹാജരാക്കാനാകും. ഇതെല്ലാം തിരക്കഥ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നവർ വ്യക്തമാക്കിയ തിയതികളേക്കാൾ മുൻപുള്ളതാണ്. മുഖ്യപ്രമേയവും രംഗങ്ങളും കോപ്പിയടിച്ചതിനെതിരെ കോടതിയെ സമീപിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്ന് സാദിഖ് കാവിൽ പറഞ്ഞു.

Post a Comment

0 Comments