Top News

പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധിച്ച ബി ജെ പി സ്ഥാനാര്‍ഥിക്കെതിരെ കേസ്

ഹൈദരാബാദ്: വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ഹൈദരാബാദിലെ ബി ജെ പി സ്ഥാനാര്‍ഥി മാധവി ലതയ്‌ക്കെതിരെ കേസ്.[www.malabarflash.com]

നാലാംഘട്ട തിരഞ്ഞെടുപ്പിനിടെ നടന്ന വിവാദ സംഭവത്തില്‍ ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി മാധവി ലതക്കെതിരെ മാലക്‌പേട്ട് പോലീസാണ് കേസെടുത്തത്. ഐ പി സി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് ഹൈദരാബാദ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ അറിയിച്ചു.

അസംപൂരില്‍ വോട്ട് ചെയ്യാന്‍ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാര്‍ഡുകള്‍ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയര്‍ത്താനും ആവശ്യപ്പെടുകയായിരുന്നു. പോലീസുകാരെയും പോളിങ് ഉദ്യോഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.

മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി അനധികൃത പരിശോധന നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിമര്‍ശനം ശക്തമാവുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്തത്. വോട്ടിങ് നടപടികള്‍ തടസപ്പെടുത്തിയാണ് ഇവര്‍ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കിയത്. വോട്ടര്‍മാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നത്. മുഖാവരണം താഴ്ത്തിയിട്ടും ഇവര്‍ അത് അംഗീകരിക്കാന്‍ തയാറാവാതെ സംശയം പ്രകടിപ്പിക്കുന്നതും സ്ത്രീകളോട് കയര്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്.

പരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടും ഇവര്‍ തര്‍ക്കിച്ചു. ഹൈദരാബാദില്‍ എ ഐ എം ഐ എം അധ്യക്ഷനും സിറ്റിങ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടര്‍മാരെ പരിശോധിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം.

ചലച്ചിത്ര താരം കൂടിയായ മാധവി മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. നേരത്തെ, രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദം സൃഷ്ടിച്ച സംഭവത്തില്‍ മാധവി ലതയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലായിരുന്നു നടപടി.

Post a Comment

Previous Post Next Post