1990 കാലഘട്ടത്തിൽ ഉദുമയിലെ കബഡി രംഗത്തും സജീവമായിരുന്നു കണ്ണൻ. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട് കവാടത്തിന് സമീപത്തെ അംബിക ലോട്ടറി സ്റ്റാൾ ഉടമയാണ്.വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന് - കോട്ടിക്കുളം യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ്.
പരേതരായ കളത്തിൽ അപ്പുവിന്റെയും മാണിക്കത്തിന്റെയും മകൻ . ഭാര്യ: പാർവതി. മക്കൾ : അശ്വതി, അശ്വിൻ (എഞ്ചിനീയറിങ് വിദ്യാർഥി സി.ഇ.ടി. തിരുവനന്തപുരം).സഹോദരങ്ങൾ: അപ്പകുഞ്ഞി വൈദ്യർ കളത്തിൽ, അഡ്വ. ബാബു ചന്ദ്രൻ കളത്തിൽ, പരേതയായ ജാനകി.
കണ്ണൻ ടി പാലക്കുന്നിന്റെ വിയോഗം നാടിനെ അക്ഷരാർഥത്തിൽ കണ്ണീരിലാഴ്ത്തി.'അയേൺ ഗെയിംസ്' വിഭാഗത്തിൽ പേരും പെരുമയും കണ്ണന് സ്വന്തം. ഏതാനും മാസമായി അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്ന പാലക്കുന്നിലെ 'ജിമ്മ്കണ്ണ'ന്റെ ആകസ്മിക വിയോഗം ഉൾക്കൊള്ളാൻ പാലക്കുന്ന് കരിപ്പോടിയിലെ അദ്ദേഹത്തെ അഭിമാനപൂർവം ബഹുമാനിക്കുന്ന കായികപ്രേമികൾക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനായില്ല.
മിതഭാഷിയും സൗമ്യസ്വഭാവക്കാരനുമാണ് കണ്ണൻ. വീട് വിട്ടാൽ കട, കട വിട്ടാൽ വീട് എന്ന സ്വഭാവ രീതിയുമായി പാലക്കുന്ന് ടെംപിൾ റോഡിൽ വർഷങ്ങളായി ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തിവരികയായിരുന്നു.
1998ൽ ചങ്ങനാശേരിയിൽ നടന്ന ദേശീയ ഫെഡറേഷൻ കപ്പ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റർ വിഭാഗത്തിൽ കാസർകോട് ജില്ലയ്ക്ക് വേണ്ടി മത്സരിച്ച് ഒന്നാം സ്ഥാനം നേടി തന്ന കണ്ണനാണ് കഴിഞ്ഞ ദിവസം യാത്രപിരിഞ്ഞത്.
കായിക രംഗത്ത് 'അയേൺ ഗെയിംസ്' വിഭാഗത്തിൽ ജില്ലയിലെ ശക്തിമാൻ താരം. മൂന്ന് തവണ ജില്ലാ സ്ട്രോങ്ങ്‌മാനായും രണ്ട് തവണ മിസ്റ്റർ കാസർകോട് ആയും തിരഞ്ഞെടുക്കുപ്പെട്ടിരുന്നു. 1986 മുതൽ 30 വർഷം ജില്ലയിൽ ശരീര സൗന്ദര്യ മത്സരരംഗത്തുണ്ടായിരുന്ന കണ്ണൻ ജില്ലാതലത്തിൽ 21തവണ ഒന്നാം സ്ഥാനവും 5 തവണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
2002 മുതൽ തുടർച്ചയായി 13 വർഷം മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന്റെ കുത്തക കണ്ണനായിരുന്നു.1987ൽ ജില്ലാതലത്തിൽ 'മോസ്റ്റ് മസ്‌ക്കുലർമാൻ' മത്സരത്തിൽ കണ്ണനായിരുന്നു ജേതാവ്. മൂന്ന് വർഷം മിസ്റ്റർ കാസർകോട് പട്ടവും മൂന്ന് തവണ സംസ്ഥാന സൗന്ദര്യ മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്വന്തം പേരിൽ കുറിക്കപ്പെട്ടു.
ജില്ല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച മൂന്ന് തവണയും 'സ്ട്രോങ്ങ്‌മാൻ കാസർകോട്' പട്ടവും കണ്ണന്റെ പേരിൽ ആയിരുന്നു. ഇത് ഒരു അപൂർവ നേട്ടമാണെന്ന് ജില്ല സ്പോർട്ട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പള്ളം നാരായണൻ പറഞ്ഞു. നിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി ഞായറാഴ്ച വൈകിട്ട് മലാങ്കുന്ന് സമുദായ ശ്മശാനത്തിൽ സംസ്കാരം നടന്നു.
കണ്ണന്റെ നിര്യാണത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അനുശോച്ചിച്ചു. പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
പള്ളം നാരായണൻ, മുജീബ് മാങ്ങാട്, പ്രിയേഷ് കാഞ്ഞങ്ങാട്, എം. ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.
0 Comments