കല്പറ്റ: അവരെല്ലാവരും പല മതവിശ്വാസങ്ങളുള്ളവരായിരുന്നു. പക്ഷേ, സ്‌നേഹത്തിനും സൗഹാര്‍ദത്തിനും ഒരു മതത്തിന്റെയും നിറങ്ങളില്ല. അതുകൊണ്ട് കല്പറ്റ മാര്‍ക്കറ്റില്‍ നടന്ന റംസാന്‍മാസത്തിലെ ബദര്‍ യുദ്ധ രക്തസാക്ഷികളുടെ ആണ്ടുനേര്‍ച്ച സംഘടിപ്പിച്ചത് എല്ലാ മതങ്ങളിലുംപെട്ട തൊഴിലാളികള്‍ ചേര്‍ന്നായിരുന്നു. സ്‌നേഹത്തില്‍ പൊതിഞ്ഞ് നെയ്‌ച്ചോറും ബീഫും വിളമ്പുന്ന ചുമട്ടുതൊഴിലാളികളിലും ഭക്ഷണം വാങ്ങുന്നവരിലുമൊന്നും ജാതി, മത, രാഷ്ട്രീയ ഭേദങ്ങളില്ല.[www.malabarflash.com]
അവിടെ എല്ലാവരും ഒന്നാണ്. 'മനുഷ്യര്‍' എന്നവാക്കിനെ അന്വര്‍ഥമാക്കുന്ന മതസൗഹാര്‍ദത്തിന്റെ വേറിട്ടൊരുകാഴ്ചയാണ് കല്പറ്റ ചന്തയിലെ ബദര്‍ രക്തസാക്ഷികളുടെ ആണ്ടുനേര്‍ച്ച. തൊഴിലാളികള്‍ അവരുടെ സമ്പാദ്യത്തില്‍നിന്ന് നീക്കിവെക്കുന്ന തുക ചേര്‍ത്തുവെച്ച് എല്ലാവര്‍ക്കും സ്‌നേഹത്തോടെ ഭക്ഷണംവിളമ്പുന്ന ദിനം. സൗഹാര്‍ദത്തിന്റെ തൊഴിലാളിക്കൂട്ടായ്മയ്ക്ക് അരനൂറ്റാണ്ടിലധികം പാരമ്പര്യമുണ്ട്.
വര്‍ഷങ്ങള്‍ മുന്നോട്ടുപോയപ്പോള്‍ വിളമ്പുന്ന ഭക്ഷണത്തിലും അളവിലും മാറ്റംവന്നതൊഴിച്ചാല്‍ 1967-ല്‍ തുടങ്ങിയ ആണ്ടുനേര്‍ച്ച ഇന്നും പതിവുതെറ്റിക്കാതെ തുടരുകയാണെന്ന് 1967 മുതല്‍ ചന്തയിലെ ആണ്ടുനേര്‍ച്ചയ്ക്ക് നേതൃത്വംനല്‍കുന്ന തൊഴിലാളിനേതാവ് യു.എ. ഖാദര്‍ പറഞ്ഞു. ഭക്ഷണവിതരണത്തിന് ഇന്നും യു.എ. ഖാദറാണ് തുടക്കമിടുന്നത്.
1967-ല്‍ അവിലുകുഴച്ചതും കട്ടന്‍ചായയും നല്‍കിയാണ് മതസൗഹാര്‍ദ ബദിരിങ്ങള്‍ ആണ്ടുനേര്‍ച്ചയുടെ തുടക്കം. അന്ന് ചന്തയിലുള്ള അഞ്ചുതൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നേര്‍ച്ച. ജാതി, മത, രാഷ്ട്രീയ ഭേദങ്ങളില്ലാതെ തൊഴിലാളികളുടെ കൂട്ടായ്മയില്‍ ആണ്ടുനേര്‍ച്ച നടത്തണമെന്നത് അന്നേ തീരുമാനിച്ചതാണെന്ന് യു.എ. ഖാദര്‍ പറഞ്ഞു.
അതാണ് ഇപ്പോഴും തുടരുന്നത്. 1980-കളില്‍ തേങ്ങാച്ചോറും ബീഫുമാണ് വിതരണംചെയ്തത്. അപ്പോഴേക്കും തൊഴിലാളികളുടെ എണ്ണവും ആണ്ടുനേര്‍ച്ചയ്ക്ക് എത്തുന്നവരുടെ എണ്ണവും കൂടിയിരുന്നു. 1990 മുതലാണ് നെയ്‌ച്ചോറും ബീഫും വിതരണംചെയ്യാന്‍ തുടങ്ങിയത്. ഇത്തവണ അഞ്ചര ക്വിന്റല്‍ അരിയുടെ നെയ്‌ച്ചോറും രണ്ടു ക്വിന്റല്‍ ബീഫുമാണ് ഉപയോഗിച്ചത്.
ചുമട്ടുത്തൊഴിലാളികള്‍ അവരുടെ വരുമാനത്തില്‍നിന്ന് ഒരുതുക നീക്കിവെച്ചാണ് ആണ്ടുനേര്‍ച്ച നടത്തുന്നത്. തുക നീക്കിവെക്കല്‍ ഒരുവര്‍ഷം മുന്നേ തുടങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. ആണ്ടുനേര്‍ച്ച കഴിഞ്ഞുവരുന്ന ആഴ്ചതന്നെ അടുത്തവര്‍ഷത്തേക്കുള്ള നേര്‍ച്ചയ്ക്കായുള്ള തുക തൊഴിലാളികള്‍ നീക്കിവെച്ചുതുടങ്ങും.
വിവിധ മതവിഭാഗങ്ങളിലുള്ള 33 തൊഴിലാളികളാണ് ഇന്ന് ചന്തയിലുള്ളത്. അവരുടെ നേതൃത്വത്തിലാണ് ആണ്ടുനേര്‍ച്ച. എം. കോയ, കെ. മുസ്തഫ, സി.പി. അലോഷ്യസ്, എം. പുരുഷോത്തമന്‍, നാസര്‍, ലത്തീഫ്, സി. അബു തുടങ്ങിയവരാണ് നേതൃനിരയില്‍.
0 Comments