ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയൽ മദ്റസ കെട്ടിടം പൊളിച്ചുനീക്കിയതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം നിയന്ത്രിക്കാൻ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാർ. അക്രമ സംഭവങ്ങളിൽ ഏർപ്പെടുന്നവർക്കും പോലീസ് സ്റ്റേഷൻ ആക്രമിച്ചവർക്കും എതിരെ എൻ എസ് എ ചുമത്തുമെന്ന് സംഭവസ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.[www.malabarflash.com]
കർഫ്യൂ ഏർപ്പെടുത്തിയതോടെ സ്ഥിതിഗതികൾ വലിയ തോതിൽ നിയന്ത്രണവിധേയമായെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളിൽ പട്ടണത്തിൽ സാധാരണ നില പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നതെന്ന് ഡിജിപി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും ഡിജിപി സന്ദർശിച്ചു.
ബൻഭൂൽപുരയിലെ മാലിക് കാ ബഗീച്ച പ്രദേശത്തെ മദ്രസയും അതിന്റെ വളപ്പിലെ നിസ്കരിക്കാനുള്ള സ്ഥലവും അനധികൃത നിർമിതിയെന്ന് ആരോപിച്ച് തകർത്തതിനെ തുടർന്നാണ് ഹൽദ്വാനിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഘർഷത്തിൽ മരണം ആറായി. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
0 Comments