Top News

'നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽചെയറിൽ പോകേണ്ടിവരും'; മുഈനലി തങ്ങൾക്ക് ഭീഷണി

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്ക് വധഭീഷണി. ഫോൺ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പാർട്ടിനേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽ ചെയറിൽ പോകേണ്ടി വരുമെന്നും ഇനി പുറത്തിറങ്ങാൻ ആകില്ലെന്നുമാണ് സന്ദേശം. മുഈനലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിലും പ്രശ്നം ഉണ്ടാക്കുമെന്നും ഭീഷണിയിലുണ്ട്‌.[www.malabarflash.com]


ഭീഷണിപ്പെടുത്തി വിളിച്ചത് മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയകടവ് എന്ന ആളാണെന്ന് സംശയിക്കുന്നതായി തങ്ങൾ ആരോപിച്ചു. സംഭവത്തിൽ തങ്ങൾ മലപ്പുറം പോലീസിൽ പരാതി നൽകി.

സമസ്ത വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരേ മുഈനലി തങ്ങൾ പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിന് മറുപടിയായി, ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകള്‍ മാത്രമാണെന്നും മറുപടി പറഞ്ഞിരുന്നു.

നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരേ സംസാരിച്ചെന്ന പേരിൽ ലീഗ് ഹൗസിൽ വെച്ച് മുഈനലി തങ്ങൾക്കെതിരേ റാഫി പരസ്യമായി പ്രതിഷേധിച്ചിരുന്നു.

Post a Comment

Previous Post Next Post