Top News

ഇത് സെക്കൻഡ് ഹാൻഡ് ഫോണുകൾ വിൽക്കാൻ വച്ചിരിക്കുന്നതല്ല! ലക്ഷങ്ങളുടെ മുതൽ, തിരികെ കിട്ടിയതോടെ ഉടമകൾ ഹാപ്പി

ചെന്നൈ: മോഷ്ടാക്കളുടെ പക്കൽ നിന്ന് കണ്ടെടുത്ത 100 മൊബൈൽ ഫോണുകൾ ഉടമസ്ഥരെ തിരികെ ഏല്‍പ്പിച്ച് തമിഴ്നാട് നാഗപട്ടണം പോലീസ്. 15.5 ലക്ഷം രൂപ വിലയുള്ള ഫോണുകൾ ആണ് തിരിച്ചു നൽകിയത്. ഒന്നുകിൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകളാണ് പോലീസ് വീണ്ടെടുത്തത്. ജില്ലാ പോലീസ് ഓഫീസിൽ പോലീസ് സൂപ്രണ്ട് ഹർഷ് സിംഗ് ഉടമകൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.[www.malabarflash.com]


അത്യാധുനിക സാങ്കേതിക വിദ്യകളുള്ള ജില്ലാ സൈബർ ക്രൈം പോലീസ് നടത്തിയ പരിശ്രമങ്ങളിലൂടെയാണ് മൊബൈലുകൾ കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സ്പാം നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകളിൽ ഒറ്റത്തവണ പാസ്‌വേഡുകൾ പങ്കിടരുതെന്നും അനാവശ്യമായ വെബ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. മൊബൈൽ ഫോൺ നഷ്‌ടപ്പെടുകയോ മോഷണം പോകുകയോ ചെയ്‌താൽ ഉടൻ പോലീസിൽ വിവരം അറിയിക്കണം.

കുറ്റകൃത്യങ്ങൾക്കും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ സാമൂഹിക വിരുദ്ധർ ദുരുപയോഗം ചെയ്‌തേക്കുമെന്നതിനാൽ പോലീസിൽ റിപ്പോർട്ട് ചെയ്യാതിരിക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. ഇതിനിടെ തൊണ്ടിമുതൽ വിറ്റ പോലീസുകാരൻ സിസിടിവിയിൽ കുടുങ്ങി വാര്‍ത്തയും തമിഴ്നാട്ടിൽ നിന്ന് പുറത്ത് വന്നിരുന്നു. ചെന്നൈ ഓട്ടേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച നിരോധിച്ച പാൻമസാല ആണ് ഹെഡ് കോൺസ്റ്റബിൾ വെങ്കിടേഷ് കടത്തിയത്.

പ്രളയക്കെടുതിക്കിടെ പോലീസുകാരൻ പാന്‍മസാല വിൽപന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സിറ്റി ഇന്‍റലിജന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് വെങ്കിടേഷ്. കഴിഞ്ഞ മാസം അഞ്ചിന് ചെന്നൈ പ്രളയത്തിൽ മുങ്ങിയ സമയത്തായിരുന്നു സംഭവം. സ്റ്റോര്‍ റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ സ്റ്റേഷൻ ചമുതലയുള്ള ഉദ്യോഗസ്ഥൻ യാദൃശ്ചികമായി പരിശോധിച്ചപ്പോഴാണ് പോലീസുകാരന്‍റെ മോഷണം ശ്രദ്ധയിൽപ്പെട്ടത്.

Post a Comment

Previous Post Next Post