പാലക്കുന്ന്: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലക്കുന്നിലെ അംബിക വായനശാലയിൽ നിന്ന് പത്രങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു.[www.malabarflash.com]
പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ഓഫീസിന് സമീപം പ്രവർത്തിച്ചു വരുന്ന ഈ വായനശാലയിലേക്ക് സമീപ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വായനക്കാർ വർഷങ്ങളായി പത്രവായനയ്ക്കും പുസ്തകങ്ങൾ മാറാനും എത്തുന്നുണ്ട്. ട്രെയിൻ യാത്രക്കാരും ഭണ്ഡാരവീട്ടിലെത്തുന്ന ഭക്തരുമടക്കം വായനക്കാർ ഏറെയുണ്ടിവിടെ.
പക്ഷേ മാസങ്ങളായി ഇവിടെ നിന്ന് പ്രധാനപ്പെട്ട പത്രങ്ങളാണ് മോഷണം പോകുന്നത്. മോഷ്ടാവിനെ പിടികൂടാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ആളൊഴിഞ്ഞ നേരം നോക്കി വളരെ സൂത്രത്തിലാണ് പത്രങ്ങൾ പൊക്കുന്നതെന്ന് നടത്തിപ്പുകാർ പരാതിപ്പെടുന്നു. കഷ്ടത്തിലാകുന്നത് സ്ഥിരം വായനക്കാരാണ്. ഏതാണ്ട് സൂചന ലഭിച്ചിട്ടുണ്ടെന്നും കയ്യോടെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Post a Comment