NEWS UPDATE

6/recent/ticker-posts

പുതിയ ബൈക്കിന് പണം അടച്ചയാള്‍ക്ക് ഉപയോഗിച്ച ബൈക്ക് നല്‍കി; ഷോ റൂം മാനേജര്‍ 2,37,900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

പത്തനംതിട്ട: ബുക്ക് ചെയ്ത വാഹനം ഷോറൂമില്‍ ഉപയോഗിച്ചു കേടുപാടുകള്‍ വരുത്തിയതിനെ തുടര്‍ന്ന് വാഹനം മാറ്റി നല്‍കാതിരുന്ന സംഭവത്തില്‍ ഷോറൂം മാനേജര്‍ 2,37,900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി. അടൂര്‍ കണ്ണങ്കോട്, കുറുങ്ങാട്ടുപുത്തന്‍ വീട്ടില്‍ ആര്‍ റിജുവിന് കൊട്ടാരക്കര ദൈവിക്ക് മോട്ടോഴ്‌സ് മാനേജര്‍ പണം നല്‍കാനാണ് വിധി.[www.malabarflash.com]


യമഹ എം ടി-15 2023 മോഡല്‍ ബൈക്ക് 2,22,900 രൂപ നല്‍കി റിജു ബുക്ക് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് നാലിന് ബൈക്ക് കൊടുക്കുമെന്നാണ് മാനേജര്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. വാഹനം ഷോറൂമില്‍ വന്നതറിഞ്ഞ് ആഗസ്റ്റ് ഒമ്പതിന് റിജു ഷോറൂമില്‍ എത്തിയപ്പോള്‍ ബൈക്ക് ജൂലെ 26ന് വന്നിരുന്നെന്നും രജിസ്ട്രേഷന്‍ കഴിഞ്ഞെന്നും പറഞ്ഞ് ഒരു ബൈക്ക് കാണിക്കുകയുണ്ടായി. 

റിജു വാഹനം പരിശോധിച്ചപ്പോള്‍ ബൈക്കിന്റെ ഗോള്‍ഡന്‍ ഫോര്‍ക്കില്‍ ഒരു കട്ട് മാര്‍ക്ക് കാണുകയും തുടര്‍ന്നുള്ള പരിശോധനയില്‍ മഡ്ഗാര്‍ഡിലും മറ്റും പഴകിനാറിയ സ്റ്റിക്കറുകള്‍ പതിച്ചിരിക്കുന്നതും കാണുവാന്‍ ഇടയായി. ഇത് മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഫോര്‍ക്ക് മാറി തരാമെന്നും മറ്റുഭാഗങ്ങള്‍ റീപെയിന്റ് ചെയ്തുതരാമെന്നും പറയുകയുണ്ടായി.എന്നാല്‍ പുതിയ ബൈക്ക് ബുക്കുചെയ്ത ഹര്‍ജിക്കാരന്‍ ഒരുപാട് അപാകത ഉള്ള വാഹനം വാങ്ങാന്‍ തയ്യാറായില്ല. വേറെ പുതിയ വാഹനം വേണമെന്ന് ആവശ്യ പ്പെട്ടപ്പോള്‍ വണ്ടി ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു ഇനി മാറ്റിത്തരാന്‍ കഴിയില്ലായെന്ന മറുപടിയാണ് ലഭിച്ചത്.

രജിസ്ട്രഷന് മുമ്പ് വാഹനം ഉടമയെ കാണിക്കാതെ രജിസ്റ്റര്‍ ചെയ്തതില്‍ അപാകതയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനത്തിനു വേണ്ടി മാനേജറെ ഏല്പിച്ച 2,22,900 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരകമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തത്.കേസ്സ് ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇരുകക്ഷികളും കമ്മീഷനില്‍ ഹാജരാകുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. 

ഹര്‍ജികക്ഷി ഫയല്‍ ചെയ്ത അന്യായം ശരിയാണെന്ന് കമ്മീഷന് ബോധ്യ പ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ ബൈക്ക് വാങ്ങാന്‍ കൊടുത്ത 2,22,900 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപാ കോടതി ചെലവും ഉള്‍പ്പെടെ 2,37,900 രൂപാ ദൈവിക്ക് മോട്ടേഴ്‌സിന്റെ മാനേജര്‍ ഹര്‍ജികക്ഷിയ്ക്ക് നല്‍കാന്‍ കമ്മീഷന്‍ വിധിക്കുകയായിരുന്നു. കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗങ്ങളായ നിഷാദ് തങ്കപ്പനും എന്‍. ഷാജിതാ ബീവിയും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

Post a Comment

0 Comments