Top News

ഹൈറിച്ച് ഉടമകൾ നടത്തിയത് 1157 കോടിയുടെ തട്ടിപ്പ്; കണക്ക് പുറത്തുവിട്ട് ഇ.ഡി

കൊച്ചി: ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച് എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 1157 രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിന്റെ കണക്കുകൾ ഇ.ഡി. പുറത്തുവിട്ടു. തട്ടിപ്പ് നടത്തിയ തുകയിൽ വലിയൊരു പങ്ക് വിദേശത്തേക്കു കടത്തിയ ഉടമകള്‍, കാനഡയില്‍ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷണം ആരംഭിച്ചു.[www.malabarflash.com]


ഇ.ഡി.യുടെ റെയ്‌‍ഡിന് മുൻപ് രക്ഷപ്പെട്ട ഹൈ റിച്ച് ഉടമകളായ പ്രതാപനും ശ്രീനയ്‌ക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൈ റിച്ചിന്റെ ഹെഡ് ഓഫീസ്, തൃശൂരിലെയും എറണാകുളത്തെയും ശാഖകൾ, ഉടമകളുടെ വീടുകൾ എന്നിവിടങ്ങളിലായിരുന്നു ഇ.ഡിയുടെ റെയ്ഡ്.

ഇതിനു പിന്നാലെയാണ് അധികൃതർ കണക്കുകൾ പുറത്തുവിട്ടത്. എച്ച്ആർ കോയിന്‍ വഴി 1138 കോടിയാണ് തട്ടിയത്. ഇവർ സമാഹരിച്ച പണത്തിൽ 482 കോടി രൂപശേഖരിച്ചത് ക്രിപ്‌റ്റോ കറൻസി വഴിയാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രതികളുടെ ഇടപാടുകള്‍ക്ക് ഇടനിലക്കാരായ പത്തിലേറെ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയിലാണ്.

അതേസമയം, അറസ്റ്റ് സാധ്യത കണക്കിലെടുത്ത് പ്രതികൾ മുൻജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ പ്രതികൾക്കെതിരെ സമാനകേസുള്ള വിവരം കോടതിയെ ഇ.ഡി. അധികൃതർ അറിയിക്കും.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മണിചെയിന്‍ ഇടപാടുകള്‍ക്കു പുറമെ ഹൈ റിച്ച് ഉടമകള്‍ കോടികള്‍ തട്ടിയെടുത്ത വഴികളിലൂടെയാണ് ഇ.ഡി. അന്വേഷണം തുടരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഹൈറിച്ച് ഗ്രൂപ്പിന്‍റെ എച്ച്ആര്‍ ഒടിടി പ്രത്യക്ഷപ്പെടുന്നത്. സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയ വിജേഷ് പിള്ളയുടെ ആക്ഷന്‍ ഒടിടിയാണ് ഹൈറിച്ച് ഉടമകള്‍ വാങ്ങിയത്. പുത്തന്‍പടങ്ങളടക്കം റിലീസ് ചെയ്ത് സബ്സ്ക്രൈബേഴ്സിനെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരകണക്കിന് ആളുകളില്‍ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങിയായിരുന്നു തുടക്കം.

ഇതിനു പിന്നാലെയാണ് എച്ച്ആര്‍ ക്രിപ്റ്റോയുമായുള്ള രംഗപ്രവേശം. ഒരു എച്ച്ആര്‍ ക്രിപ്റ്റോയുടെ മൂല്യം രണ്ടു ഡോളറാണ്. 160 ഇന്ത്യന്‍ രൂപ. ബേസിക്, പ്രീമിയം എന്നിങ്ങനെ തരംതിരിച്ച് ആയിരകണക്കിനു പേരില്‍ നിന്നും സമാഹരിച്ചത് കോടികളാണ്. കാനഡയില്‍ കമ്പനി രൂപീകരിച്ചത് ഹവാല ഇടപാടുകളുടെ ഭാഗമായാണെന്നുമാണ് ഇ.ഡിക്കു ലഭിച്ചിരിക്കുന്ന വിവരം. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്റ്റോ ഇടപാടുകള്‍ നടത്തിയതെന്നും കണ്ടെത്തലുണ്ട്.

നേരത്തേ, 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു. ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയർത്തി പ്രതാപനും ശ്രീനയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതാണു നിർണായകമായത്. എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

Post a Comment

Previous Post Next Post