Top News

ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റംചെയ്ത കേസ്; മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫിന് ഒരുവർഷം തടവ്

മഞ്ചേശ്വരം: ഇലക്ഷന്‍ ഹിയറിങിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് ഉള്‍പ്പെടെ നാലുപേര്‍ക്ക് കോടതി ഒരുവര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു.[www.malabarflash.com]


എ.കെ.എം. അഷ്‌റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കാണ് കാസറകോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വിവിധ വകുപ്പുകള്‍ പ്രകാരം ഒരുവര്‍ഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2015 നവംബര്‍ 25-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇലക്ഷന്‍ ഹിയറിങ് നടക്കുന്നതിനിടെ ഒരു വോട്ടറുടെ അപേക്ഷ അപാകത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. അന്നത്തെ കാസറകോട്  ഡെപ്യൂട്ടി തഹസില്‍ദാര്‍ ദാമോദരന്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി ഹിയറിങില്‍ ഏര്‍പ്പെട്ടിരുന്നത്. അപേക്ഷ മാറ്റിവെച്ചതിനെ ചൊല്ലി എ.കെ.എം. അഷ്‌റഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്‌തെന്നാണ് കേസ്.

പേര് ചേര്‍ക്കാമെന്ന് അറിയിച്ച് പരാതി നല്‍കിയ മുനവര്‍ എന്നയാളെ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.ദാമോദരന്‍ മടക്കിയയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.കെ.എം.അഷ്‌റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല, ബഷീര്‍ കനില തുടങ്ങിയവരുടെ നേതൃത്വത്തില്‍ കസേരയില്‍നിന്ന് തള്ളിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി.

Post a Comment

Previous Post Next Post