കാസര്‍കോട്: കോളജ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിന് കോടതി രണ്ടുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.[www.malabarflash.com]
കുമ്പള കോയിപ്പാടിയിലെ സി. സാഗറിനെ (34) യാണ് കാസര്‍കോട് ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടുവര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും 20 ദിവസം തടവും 500 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് ദിവസം അധികതടവ് അനുഭവിക്കണം.
കുമ്പള പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന കോളജ് വിദ്യാർഥിനിയെ സാഗര്‍ 2018 ജൂണ്‍ 15നും സെപ്റ്റംബര്‍ 29നും മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ജൂണ്‍ 15ന് വൈകീട്ട് കോളജ് വിട്ട് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ സാഗര്‍ പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടരുകയും പെര്‍വാഡ്- ദേവീനഗര്‍ റോഡിന് സമീപത്തെ കെട്ടിടത്തിന് പിറകില്‍ വെച്ച് പെണ്‍കുട്ടിയെ പിടികൂടി മാനഭംഗപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്ത സാഗര്‍ ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും സെപ്റ്റംബര്‍ 29ന് വൈകീട്ട് ഇതേ സ്ഥലത്ത് വീണ്ടും മാനഭംഗത്തിന് ഇരയാക്കുകയുമായിരുന്നു. പെണ്‍കുട്ടി നല്കിയ പരാതിയിലാണ് കേസെടുത്തത്.
അന്നത്തെ കുമ്പള എസ്.ഐ എ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
0 Comments