Top News

'അവിടെ പോളിങ്, ഇവിടെ താലികെട്ട്': രാജസ്ഥാനിൽ വോട്ടെടുപ്പ് ദിനം 50,000 വിവാഹങ്ങൾ

ജയ്പുർ: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ നവംബർ 23ന് രാജസ്ഥാനിൽ നടക്കാൻ പോകുന്നത് 50,000 വിവാഹങ്ങൾ. ഈ വർഷം നവംബർ 23നാണ് ദേവ് ഉതാനി ഏകാദശി. വിവാഹം നടത്താൻ ഏറ്റവും ഉത്തമമായ ദിനമെന്ന് ഇവിടെയുള്ളവർ വിശ്വസിക്കുന്ന ദിവസമാണ്.[www.malabarflash.com] 

രാജസ്ഥാനിൽ വിവാഹ സീസൺ ആരംഭിക്കുന്നതും ഈ ദിവസത്തോടെയാണ്. അന്നേ ദിവസം തന്നെയാണ് രാജസ്ഥാനിലെ 200 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കുന്നത്. ഇത് പോളിങ്ങിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

‘വിവാഹത്തിന് ഏറ്റവും ഉചിതമായ ദിവസമാണ് ദേവ് ഉതാനി ഏകാദശി. എല്ലാ ഹിന്ദുക്കളും ഈ ദിവസം വിവാഹം നടത്താനാണ് ആഗ്രഹിക്കുന്നത്. ഇത്തവണത്തെ ദേവ് ഉതാനി ദിനത്തിൽ 50,000 വിവാഹങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’– വിവാഹപ്പന്തൽ, അലങ്കാരങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സമിതിയുടെ ദേശീയ പ്രസിഡന്റ് രവി ജിൻഡാൽ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 

രാജസ്ഥാനിൽ വിവാഹ മേഖല (പന്തൽ ജോലിക്കാർ, ഇവന്റ് മാനേജ്മെന്റ്, കാറ്ററിങ്, ബാൻഡ് മേളം, ഫ്ലോറിസ്റ്റ്...) യുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും പരോക്ഷമായും പത്തു ലക്ഷത്തോളം പേർ ജോലി നോക്കുന്നുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഇവർ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും ചെയ്യുന്നു. അതിനാൽ പോളിങ് ദിവസം അറിഞ്ഞോ അറിയാതെയോ നിരവധി പേർ തിരക്കിലും യാത്രയിലുമായിരിക്കും. അതിനാൽ നിരവധി പേർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയില്ലെന്നാണ് കരുതുന്നത്. ഇത് പോളിങ്ങിനെ കാര്യമായി ബാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടെടുപ്പ് ദിനത്തിൽ ഇത്രയധികം വിവാഹം നടക്കുന്നത് പോളിങ്ങിനെ ബാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. 51,756 പോളിങ് ബൂത്തുകളിൽ 75 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതീക്ഷിക്കുന്നത്. 2018ൽ 74.71 ശതമാനമായിരുന്നു പോളിങ്. ഇന്നലെയാണ് രാജസ്ഥാനിലെ 200 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള പോളിങ് നവംബർ 23നാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.

Post a Comment

Previous Post Next Post