മലപ്പുറം: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ മുസ്‌ലിംലീഗും സമസ്തയും തമ്മില്‍ ഉടലെടുത്ത ഭിന്നതയില്‍ നിലപാടിലുറച്ച് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. മുസ്‌ലിംലീഗിനെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും വ്യാജ ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തുവന്നാല്‍ അവര്‍ക്കെതിരെ മുസ്‌ലിംലീഗ് ശക്തമായ രീതിയില്‍ മറുപടിനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.[www.malabarflash.com]
മതസംഘടനയായാലും സാംസ്‌കാരിക സംഘടനയായാലും ലീഗിന്റെ നിലപാട് പറയും. മുക്കത്ത് വയനാട് പാര്‍ലമെന്റ് മണ്ഡലം മുസ്‌ലിംലീഗ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സലാം. താന്‍ പറയുന്നത് ഒരു സംഘടനയ്ക്ക് എതിരല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരുപറഞ്ഞ് ചിലര്‍ സഖാക്കളെ സഹായിക്കാന്‍ അപ്പുറത്ത് പണിയെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതസംഘടനകള്‍ അവരുടെ മേഖലയില്‍ നന്നായി പ്രവര്‍ത്തിക്കണം. അതിന് വിപരീതമായി സി.പി.എമ്മിനെ സഹായിച്ച് ആരെങ്കിലും തട്ടത്തിന് പിന്നിലൊളിച്ചാല്‍ ആ തട്ടം മാറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.എം.എ. സലാമിനെതിരേ സമസ്ത മുശാവറ യോഗം നിലപാട് കടുപ്പിച്ചു. ജിഫ്രി തങ്ങൾക്കെതിരെയുള്ള പരാമര്‍ശത്തില്‍ സാദിഖലി തങ്ങളെ കണ്ട് പരാതിപ്പെടാന്‍ മുശാവറ യോഗം തീരുമാനിച്ചു. വിഷയത്തില്‍ സമസ്ത പരാതി നല്‍കിയിട്ടില്ലെന്ന് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത നേതാക്കള്‍ നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്. സലാമിന്റെ വിശദീകരണത്തോടെ വിവാദം അവസാനിച്ചുവെന്ന സാദിഖലി തങ്ങളുടെ നിലപാടിനെയും സമസ്ത മുശാവറ യോഗം തള്ളി. ഇന്ന് ചേര്‍ന്ന സമസ്ത മുശാവറ യോഗത്തില്‍ സലാമിന്‍റെ പരാമര്‍ശത്തിലും അതിലെ ലീഗ് നിലപാടിലും വിമര്‍ശനം ഉയര്‍ന്നു.
0 Comments