Top News

കൊച്ചിയിൽ കാർ പുഴയിൽ വീണ് 2 യുവ ഡോക്ടർമാർ മരിച്ചു; സഞ്ചരിച്ചത് ഗൂഗിൾ മാപ്പ് നോക്കി

കൊച്ചി: വാഹനാപകടത്തില്‍ രണ്ടു യുവഡോക്ടര്‍മാരുടെ മരണത്തിനിടയാക്കിയത് വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ടെടുത്തത് കാരണമാണെന്ന് പ്രദേശവാസികള്‍. പറവൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാന്‍ എളുപ്പവഴിയെന്ന നിലയിലാണ് ഗോതുരുത്ത് കടവാതുരുത്ത് റൂട്ട് ആളുകള്‍ തിരഞ്ഞെടുക്കുന്നത്. ഗോതുരുത്തില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ ഇടത്തോട് തിരിയാതെ വാഹനം നേരേ ഓടിച്ചുപോവുകയായിരുന്നു.[www.malabarflash.com]


നാലു ഡോക്ടര്‍മാരും ഒരു നേഴ്‌സും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെയായിരുന്നു അപകടം. എറണാകുളത്ത് ബെര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു സംഘം. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചായിരുന്നു സംഘം യാത്ര ചെയ്തത്. കനത്ത മഴയെത്തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതാണ് അപകടത്തിന് കാരണമായത്. പുഴയില്‍ ജെട്ടിക്ക് സമാനമായ സ്ഥലത്തുനിന്ന് കാര്‍ പുഴയിലേക്ക് ഓടിയിറങ്ങുകയായിരുന്നു.

അതിവേഗത്തിലെത്തിയ കാര്‍ പുഴയിലേക്ക് ചാടി. ഇതുകണ്ടുകൊണ്ടുനിന്ന അബ്ദുള്‍ ഹക്ക് എന്ന പരിസരവാസി സുഹൃത്തുക്കളെ ഫോണില്‍ കാര്യമറിയിച്ചു. കനത്ത മഴയായതിനാല്‍ ആദ്യഘട്ടത്തില്‍ എന്ത് ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. പിന്നീട് ഉടന്‍ തന്നെ കയര്‍ സംഘടിപ്പിച്ച് ഹക്കിന്റെ അരയില്‍കെട്ടി പുഴയിലേക്ക് എടുത്തുചാടി. ആദ്യം കൂട്ടത്തിലുണ്ടായിരുന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് രണ്ടുപേരെക്കൂടെ രക്ഷപ്പെടുത്തി. മരിച്ച രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് ദൂരേക്കുപോയതിനാല്‍ ചാടാനോ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ലെന്ന് പ്രദേശവാസി പറയുന്നു.

പുഴയിലെ അടിയൊഴുക്കും മഴയെത്തുടര്‍ന്നുള്ള തണുപ്പും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. മൂന്നുപേരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചപ്പോഴേക്കും മറ്റുരണ്ടുപേര്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു. അവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഹക്ക് പറഞ്ഞു.

പോലീസിനെ വിവരമറിയിച്ചിരുന്നു. ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തില്‍ സാധിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി രണ്ടുമണിക്കൂറോളം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. വടംകെട്ടി വലിച്ചായിരുന്നു കാര്‍ പുഴയില്‍നിന്ന് പുറത്തെടുത്തത്. 

നേരത്തെ ഒരു ഓട്ടോറിക്ഷ വഴിതെറ്റി വന്ന് പുഴയില്‍ വീണ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്.

Post a Comment

Previous Post Next Post