Top News

സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ

ന്യൂഡൽഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.[www.malabarflash.com]


കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസില്‍ ചെയർമാന്‍റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. 'അങ്ങയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും തീർച്ചയായും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കും. താങ്കള്‍ക്ക് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നു', അനുരാഗ് ഠാക്കൂര്‍ എക്സിൽ കുറിച്ചു.

നേരത്തെ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും സുരേഷ് ഗോപി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിനിടയിലാണ് കേന്ദ്രസർക്കാർ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ പണം നഷ്ടമായവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തില്‍ പദയാത്ര നടത്തുമെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് പദയാത്ര ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. കരുവന്നൂരില്‍ പണം നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങള്‍ പദയാത്രയില്‍ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിരുന്നു. പദയാത്ര ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സമാപന സമ്മേളനം എംടി രമേശും നിര്‍വ്വഹിക്കുമെന്നും ബിജെപി ജില്ലാനേതൃത്വം വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post