Top News

അതിഥിത്തൊഴിലാളികളുടെ വിവര ശേഖരണത്തിനിടെ കൊടുംക്രിമിനലുകൾ അറസ്റ്റില്‍

പത്തനംതിട്ട: കോഴഞ്ചേരി തെക്കേമലയില്‍ ലോട്ടറി വില്‍പ്പന നടത്തി വന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും കൊടുംക്രിമിനലുകളുമായ സഹോദരങ്ങള്‍ അറസ്റ്റില്‍. തമിഴ്നാട് തിരുനെല്‍വേലി പള്ളി കോട്ടൈ നോര്‍ത്ത് സ്ട്രീറ്റില്‍ പള്ളികോട്ടെ മാടസ്വാമി എന്ന് വിളിക്കുന്ന മാടസ്വാമി (27), ഇയാളുടെ സഹോദരന്‍ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25) എന്നിവരെയാണ് ആറന്മുള പോലിസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ മൂന്ന് കൊലപാതക കേസുകള്‍, കവര്‍ച്ചാ കേസുകള്‍ ഉള്‍പ്പടെ 19 കേസുകളില്‍ പ്രതിയാണ് മാടസ്വാമി. മൂന്ന് കൊലക്കേസുകള്‍ ഉള്‍പ്പെടെ 11 കേസുകളിലെ പ്രതിയാണ് സുഭാഷ്. കഴിഞ്ഞ നാല് വര്‍ഷമായി ഇവരുടെ മാതാപിതാക്കള്‍ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകക്ക് താമസിച്ചു വരികയായിരുന്നു.

ആറ് മാസമായി രണ്ടു പേരും കൂടി മാതാപിതാക്കളോടൊപ്പം വന്ന് താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തിവരികയായിരുന്നു. ഇവിടെ താമസിച്ച കാലയളവില്‍ ഏതെങ്കിലും കേസുകള്‍ ഉണ്ടോ എന്ന അന്വേഷണത്തിന് ശേഷം, തുടര്‍നടപടികള്‍ക്കായി തമിഴ്‌നാട് പോലീസിന് കൈമാറും.

ജില്ലാ പോലീസ് മേധാവി വി അജിത്ത് ഐ പി എസിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിന്റെ ഭാഗമായി, ആറന്മുള പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഉമേഷ് ടി നായര്‍, നാസര്‍ ഇസ്മാഈല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

ഇവരെ പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജ്, എസ് ഐമാരായ ജയന്‍, ജോണ്‍സണ്‍, പോലീസ് ഉദ്യോഗസ്ഥരായ ഹരികൃഷ്ണന്‍, രമ്യത്ത്, സുനില്‍, വിനോദ് എന്നിവരും സംഘത്തിലുണ്ട്.

Post a Comment

Previous Post Next Post