NEWS UPDATE

6/recent/ticker-posts

കാമുകന് വേണ്ടി കാറും ലക്ഷങ്ങളുടെ വായ്പയും; ഇ.എം.ഐ അടക്കാതെ കാമുകന്‍ വഞ്ചിച്ചു, യുവതി ജീവനൊടുക്കി

മുംബൈ: പൂണെയില്‍ ടെക്കി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. പുണെ മഞ്ജരിയില്‍ താമസിക്കുന്ന ആദര്‍ശ് അജയ്കുമാര്‍ മേനോനെയാണ് ഹഡപ്‌സര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജീവനൊടുക്കിയ യുവതിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റെന്നും ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.[www.malabarflash.com]


ഐ.ടി. ജീവനക്കാരിയായ രസിക രവീന്ദ്ര ദിവാട്ടെ(25) വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാമുകന്റെ ഫ്‌ളാറ്റില്‍വെച്ച് ജീവനൊടുക്കിയത്. കാമുകന് വേണ്ടി ലക്ഷങ്ങളുടെ വായ്പയെടുത്ത് നല്‍കിയ രസിക, ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ജീവനൊടുക്കിയെന്നായിരുന്നു പരാതി.

ഒരേകമ്പനിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്ന രസികയും ആദര്‍ശും കഴിഞ്ഞ ജനുവരി മുതല്‍ അടുപ്പത്തിലാണെന്നാണ് പോലീസ് പറയുന്നത്. ഏപ്രിലില്‍ രസിക കാമുകന് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിനല്‍കിയിരുന്നു. ഇതിന്റെ ഡൗണ്‍ പേയ്‌മെന്റ് തുക അടച്ചത് രസികയായിരുന്നു. ബാക്കിതുകയുടെ വായ്പയും യുവതിയുടെ പേരില്‍തന്നെ എടുത്തു. വായ്പയുടെ ഇ.എം.ഐ. താന്‍ അടച്ചുതീര്‍ത്തോളാമെന്ന കാമുകന്റെ ഉറപ്പിലാണ് രസിക ഇതിന് സമ്മതിച്ചത്. എന്നാല്‍ ആദര്‍ശ് തിരിച്ചടവ് മുടക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പോലീസിന്റെ വിശദീകരണം.

കാര്‍ വാങ്ങിയതിന് പുറമേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഏകദേശം മൂന്നുലക്ഷം രൂപയുടെ വായ്പയും 2.75 ലക്ഷം രൂപയുടെ സ്വകാര്യവായ്പയും രസികയുടെ പേരിലുണ്ടായിരുന്നു. മാത്രമല്ല, ചില ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ വഴിയും യുവതി പണം കടംവാങ്ങിയിരുന്നു. തിരിച്ചടയ്ക്കാമെന്ന ഉറപ്പിന്മേല്‍ കാമുകനായ ആദര്‍ശിന് വേണ്ടിയാണ് രസിക ഇത്രയും തുക വായ്പയെടുത്തത്. എന്നാല്‍, കാമുകന്‍ ഈ ഉറപ്പ് ലംഘിച്ചെന്നും ഇ.എം.ഐ. അടച്ചില്ലെന്നുമാണ് യുവതിയുടെ അമ്മ ചന്ദ്ര ദിവാട്ടെ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ രസിക ഏറെമാനസികപ്രയാസത്തിലായിരുന്നു. ആദര്‍ശ് വായ്പ തിരിച്ചടക്കാത്തതും താന്‍ ഇ.എം.ഐ. അടക്കേണ്ടിവരുന്നത് സംബന്ധിച്ചും അമ്മയോടും പറഞ്ഞിരുന്നു. ഇതേച്ചൊല്ലി ഇരുവര്‍ക്കും ഇടയില്‍ വഴക്കും പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയും രസിക കാമുകന്റെ ഫ്‌ളാറ്റിലെത്തി വായ്പയെച്ചൊല്ലി വഴക്കിട്ടിരുന്നു. ഇതിനുപിന്നാലെയാണ് മുറിയില്‍ കയറി ജീവനൊടുക്കിയത്.

പുലര്‍ച്ചെ നാലുമണിയോടെ രസികയുടെ ഒരു സുഹൃത്ത് വിളിച്ചാണ് താന്‍ വിവരമറിഞ്ഞതെന്നായിരുന്നു അമ്മയുടെ പ്രതികരണം. ആദര്‍ശിന്റെ ഫ്‌ളാറ്റില്‍വെച്ച് രസിക ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും മകളെ നോബിള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് അമ്മയോട് പറഞ്ഞത്. തുടര്‍ന്ന് അമ്മ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രസിക മരിച്ചിരുന്നു. ആദര്‍ശും അവിടെ ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ പുലര്‍ച്ചെ മൂന്നുമണി വരെ രസികയും താനും തമ്മില്‍ വഴക്കുണ്ടായെന്നാണ് ആദര്‍ശ് അമ്മയോട് പറഞ്ഞത്. തുടര്‍ന്ന് രസിക മറ്റൊരു മുറിയില്‍ കയറി വാതിലടച്ച് ജീവനൊടുക്കാന്‍ശ്രമിച്ചെന്നും ഇതോടെ സുഹൃത്തുക്കളെ വിവരമറിയിച്ചെന്നുമായിരുന്നു ആദര്‍ശിന്റെ മൊഴി.

Post a Comment

0 Comments