കൊല്ലം: കടയ്ക്കലില്‍ ദേഹത്ത് ചാപ്പകുത്തിയെന്ന വ്യാജപരാതി ഉന്നയിച്ചത് സൈനികന് ദേശീയശ്രദ്ധ ലഭിക്കാന്‍ വേണ്ടിയെന്ന് പോലീസ്. രാജസ്ഥാനില്‍ സൈനികനായ കടയ്ക്കല്‍ ചാണപ്പാറ സ്വദേശി ഷൈന്‍കുമാറി(35)നെയും കൃത്യത്തിന് കൂട്ടുനിന്ന ഇയാളുടെ സുഹൃത്ത് ജോഷിയെയും കേസില്‍ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.[www.malabarflash.com]വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു, വ്യാജതെളിവുകളും മൊഴികളും നല്‍കി, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിലൂടെ ദേശീയശ്രദ്ധ ലഭിക്കുമെന്നും തുടര്‍ന്ന് താന്‍ ആഗ്രഹിക്കുന്ന പോസ്റ്റിങ് കിട്ടുമെന്നുമാണ് സൈനികനായ പ്രതി കരുതിയത്. കഴിഞ്ഞ അഞ്ചുമാസമായി ഇതിനായി തയ്യാറെടുത്തുവരികയായിരുന്നു. ഇത്തവണ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് ഇങ്ങനെ ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൈനികനെ അറസ്റ്റ് ചെയ്തവിവരം ഇയാള്‍ ജോലിചെയ്യുന്ന യൂണിറ്റില്‍ അറിയിക്കും. അതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. കേസില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ എന്നതടക്കം അറിയാനായി കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കടയ്ക്കല്‍ ചാണപ്പാറയില്‍വെച്ച് ഞായറാഴ്ച രാത്രി മൂന്നംഗസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നും തുടര്‍ന്ന് ടീഷര്‍ട്ട് വലിച്ചുകീറി പുറത്ത് പച്ചപെയിന്റ് കൊണ്ട് 'പി.എഫ്.ഐ' എന്ന് എഴുതിയെന്നുമായിരുന്നു സൈനികന്റെ പരാതി. എന്നാല്‍, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സംഘം 48 മണിക്കൂറിനുള്ളില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും പരാതിക്കാരനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഷൈനിന്റെ സുഹൃത്ത് ജോഷിയെ ചോദ്യംചെയ്തതാണ് കേസില്‍ നിര്‍ണായകമായത്. സംഭവം ഷൈന്‍ തന്നെ ആസൂത്രണം ചെയ്തതാണെന്നും ടീഷര്‍ട്ട് കീറിയ ശേഷം തന്നെക്കൊണ്ടാണ് ദേഹത്ത് എഴുതിച്ചതാണെന്നും ഇയാള്‍ മൊഴിനല്‍കിയിരുന്നു. ഇതിനായി ഉപയോഗിച്ച പെയിന്റും ബ്രഷും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ഷൈന്‍ രാജസ്ഥാനില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ഹവില്‍ദാറാണ്. തിങ്കളാഴ്ച ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് ഇയാള്‍ ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ പാങ്ങോടുനിന്നുള്ള മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇയാളെ ചോദ്യംചെയ്തിരുന്നു.
0 Comments