Top News

കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; മൂന്നു പോലീസുകാര്‍ക്കെതിരെ നടപടി

കാസർകോട്: കുമ്പളയിൽ പോലീസുകാർ പിന്തുടരുന്നതിനിടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്.ഐ. രജിത്, സിവിൽ പോലീസ് ഓഫീസർമാരായ ദീപു, രഞ്ജിത് എന്നിവരെ സ്ഥം മാറ്റി. കാഞ്ഞങ്ങാട് ഹൈവേ പോലീസിലേക്കാണ് സ്ഥലം മാറ്റം.[www.malabarflash.com]


കാർ അപകടവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധങ്ങളും നടന്നിരുന്നു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പോലീസിനെതിരെ വലിയ തോതിൽ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.

വെള്ളിയാഴ്ച ഓണാഘോഷ പരിപാടി കഴിഞ്ഞ് വിദ്യാർഥികൾ സ്കൂളിൽ നിന്ന് കാറിൽ പോകുമ്പോൾ പോലീസ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ കാർ നിർത്താതെ പോയപ്പോൾ പോലീസ് പിന്തുടരുകയായിരുന്നു. തുടർന്ന് കാർ അപകടത്തിൽ പെട്ടുവെന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി കഴിഞ്ഞ ദിവസമാണ് മരിച്ചത്. അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പേരാലിലെ മുഹമ്മദ് ഫറാസ് (17) ആണ് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്.

ഈ സംഭവത്തിലാണ് ഇപ്പോൾ പോലീസുകാർക്കെതിരേ നടപടി ഉണ്ടായിരിക്കുന്നത്. എസ്.ഐ. രജിത്, സിവിൽ പോലീസ് ഓഫീസർമാരായ ദീപു, രഞ്ജിത് എന്നിവരെയാണ് ഇപ്പോൾ സ്ഥലം മാറ്റിയത്. അന്വേഷണം നടക്കുകയാണ്, ഇതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post