Top News

ട്രെയിനുകൾക്കുനേരെ ആക്രമണം തുടരുന്നു: കാഞ്ഞങ്ങാടും പരപ്പനങ്ങാടിയിലും രാജധാനി, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ്

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു. തിങ്കളാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറ് നടന്നത്. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി.[www.malabarflash.com]

തിങ്കളാഴ്ച  വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും ആർക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. ആർക്കും പരിക്കേറ്റില്ല. ചില്ലിന് വിള്ളലുണ്ടായി. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്സ്‌പ്രസ്. തിങ്കളാഴ്ച വൈകുന്നേരം താനൂർ സ്റ്റേഷന് തൊട്ടടുത്തുള്ള സിഗ്നൽ മറികടക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. ലോക്കോ പൈലറ്റ് ഉടൻ ഷൊർണൂർ സ്റ്റേഷനിൽ വിവരമറിയിച്ചു. കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും അറിവായിട്ടില്ല. 

മുമ്പും സമാനമായ രീതിയിൽ താനൂരിൽ നിന്നും വന്ദേ ഭാരതിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. അന്വേഷണത്തിലൊടുവിൽ പിടിയിലായവർ കളിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മൊഴി നൽകിയതിന്റെയടി സ്ഥാനത്തിൽ ഗുരുതര വകുപ്പുകൾ ചേർക്കാതെ വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിലായിരുന്നു. ഒഡീഷ സ്വദേശി സർവേഷാണ് പൊലീസിന്റെ പിടിയിലായത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ നേത്രാവതി എക്സ്പ്രസിനും ചെന്നൈ സൂപ്പർഫാസ്റ്റിനുമാണ് ഇയാൾ കല്ലെറിഞ്ഞത്. രണ്ട് ട്രെയിനും കല്ലെറിഞ്ഞത് ഒരാളാണോ എന്ന സംശയമാണ് പ്രതിയിലേക്ക് എത്തിയത്.

Post a Comment

Previous Post Next Post