NEWS UPDATE

6/recent/ticker-posts

യുവസംരംഭക ആരിഫ ഷെമീറിന് അബൂദാബി കെഎംസിസിയുടെ ടികെ മൂസ സ്മാരക അവാർഡ് സമ്മാനിച്ചു

ഉദുമ: അധ്വാനിക്കാനുള്ള മനസും ആഗ്രഹവുമു ണ്ടെങ്കിൽ ഏതു സംരംഭവും വിജയിക്കുമെന്ന് തെളിയിച്ച യുവ സംരംഭക ഉദുമ മൂലയിൽ വീട്ടിൽ ആരിഫ ഷെമീറിന് അബൂദാബി കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയു ടികെ മൂസ സ്മാരക അവാർഡ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മാനിച്ചു.[www.malabarflash.com]


മാങ്ങാട് നടന്ന ചടങ്ങിൽ ആബിദ് നാലാം വാതുക്കൽ അധ്യക്ഷത വഹിച്ചു.
മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കെഇഎ ബക്കർ, ഉദുമ മണ്ഡലം ട്രഷറർ ഹമീദ് മാങ്ങാട്, സീനിയർ നേതാവ് കെഎ മുഹമ്മദലി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷ്റഫ് എടനീർ, മുസ് ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് കെബിഎംഷെരീഫ്, ജനറൽ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി, അബൂദാബി കെഎംസിസിസി സംസ്ഥാന വൈസ് പ്രസിഡൻ്റ് അനീസ് മാങ്ങാട്, ഹംസ ദേളി, ബഷീർ പാക്യാര, ഹാരിസ് ഈച്ചിലിങ്കാൽ, അബ്ബാസ് കാപ്പിൽ, റസാഖ് പുല്ലൂർ പെരിയ, ആബിദ് മാങ്ങാട്, മുജീബ് ബേക്കൽ എന്നിവർ പ്രസംഗിച്ചു.

ഡെയറി ഫാമിങ്ങിലൂടെ മികച്ച വരുമാനം നേടാൻ സാധിക്കുമെന്ന് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് കാണിച്ചു തരുകയാണ് ഈ യുവ സംരംഭക. ഉദുമ മൂലയിൽ വീടിനോട് ചേർന്നുള്ള 30 സെൻ്റ് സ്ഥലത്താണ് ആരിഫയുടെ പശു വളർത്തലും പാലുൽപന്ന നിർമാണവും. കുടുംബശ്രീയുടെ തണലിൽ ഒരു പശുവിൽ നിന്ന് തുടങ്ങിയ ആരിഫയുടെ ഡയറി ഫാമിങ് ജീവിതം ഇന്ന് പാലും പാലുൽപന്നങ്ങളും വിൽക്കുന്ന മിൽക് പ്രൊഡക്ട് സംരംഭമായി വളർന്നു കഴിഞ്ഞു.

പാലിൽ നിന്നു മുപ്പതിലധികം മൂല്യവർധിത ഉൽപന്നങ്ങൾ തയ്യാറാക്കി ആവശ്യക്കാർക്ക് എത്തിച്ചാണ് ഇവർ വിജയം കൈ പിടിയിലൊതുക്കുന്നത്. പുളിയില്ലാത്ത തൈര്, പുളിയുള്ള തൈര്, ഗുലാബ് ജാമുൻ, പനീർ, പാലും കാരറ്റും ചേർത്തുണ്ടാക്കുന്ന കേക്ക്, പാൽ ഹൽവ, പേഡ, രസഗുള, ബർഫി തുടങ്ങി മുപ്പതിലധികം ഉൽപന്നങ്ങൾ ഇവർ ഉണ്ടാക്കുന്നു.

ഇവയ്ക്കെല്ലാം ആവശ്യക്കാർ ഏറെയുള്ളതിനാൽ വിപണി പ്രശ്നമാകുന്നില്ല. വീട്ടിലെ തൊഴുത്തിൽ എട്ടു പശുക്കളും രണ്ട് കിടാരികളുമുണ്ട്. ദിവസം 120 ലിറ്ററോളം പാൽ കറക്കും. 30 ലിറ്റർ സഹകരണ സംഘത്തിൽ അളക്കും മുപ്പതിലധികം ലിറ്റർ പാൽ പാക്കറ്റ് ചെയ്ത് ബൈക്കിൽ ഉദുമയിലും പരിസരത്തുമുള്ള വീടുകളിൽ വിൽക്കും. ബാക്കിയുള്ളവ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റും. ഇങ്ങിനെ എട്ട് ലക്ഷം രൂപയുടെ ബാങ്ക് വായ്പ കഴിഞ്ഞ വർഷം അടച്ചു തീർത്തു.

പ്ലസ്ടുവും നഴ്സറി അധ്യാപിക പരിശീലനവും കഴിഞ്ഞ് ഒരു സ്വകാര്യ സ്കൂളിൽ ഏഴ് വർഷം ജോലി ചെയ്തു. കൂട്ടത്തിൽ അറബിക് ടിടിസിയും പൂർത്തിയാക്കി.ഇതിനിടയിൽ ലോക് ഡൗൺ വന്നപ്പോൾ പെൺകുട്ടികൾക്കുള്ള കുപ്പായങ്ങൾ തുന്നി

കോവിഡ് പ്രതിസന്ധി തരണം ചെയ്തു. കോവിഡിനു ശേഷമാണ് പുത്തൻ സംരംഭം തുടങ്ങിയത്. ആരിഫയുടെ തറവാട്ടിൽ മുമ്പ് കറവപശു ഉണ്ടായിരുന്നു. അതിന് പുല്ലരിയാൻ ചെറുപ്പത്തിൽ പോയിരുന്നു. ആ പരിചയത്തിൻ്റെ ബലത്തിലാണ് രണ്ട് വർഷം മുമ്പ് ഒരു നാടൻ പശുവിനെ വാങ്ങിയത്. യു ട്യൂബ് നോക്കി കറവ പഠിച്ചു. പിന്നീട് ആ പശുവിനെ വിറ്റാണ് ശങ്കരയിനത്തെ വാങ്ങിയത്.

വിജയ രഹസ്യങ്ങൾക്കു പിന്നിൽ കഷ്ടപ്പാടുകൾ ഏറെയുണ്ട് ആരിഫക്ക്. അതിരാവിലെ മൂന്നരക്കു തന്നെ ഉറക്കമുണരും.പാലുൽപന്നങ്ങളുടെ പാക്കിങ്ങും മറ്റും ചെയ്ത ശേഷം തൊഴുത്തിലേക്ക്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ചാണ് കറവ.

ഉദുമ പാക്യാര ഇനാറത്തുൽ ഇസ്ലാം മദ്രസയിലും ചേരൂർ എഐഎൽ പി സ്കൂളിലും അധ്യാപകനായ ഭർത്താവ് ഷെമീർ ജോലി തിരക്കിനിടയിലും കറവക്ക് സഹായിക്കും. വിദ്യാർത്ഥികളായ ഷെമീല, സുഹൈല, അമീൻ, അമാൻ എന്നിവർ മക്കളാണ്.

ഉദുമയിലെ പഴയ കാല വ്യാപാരി പരേതനായ മൂലയിൽ അബ്ദുൽ ഖാദറിൻ്റെ മകളാണ് ആരിഫ.

Post a Comment

0 Comments