Top News

രഹസ്യബന്ധത്തിന് തടസ്സമായി; പോലീസുകാരനെ കൊന്നത് ഭാര്യയും അയല്‍ക്കാരനായ കാമുകനും

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പോലീസുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. വിശാഖപട്ടണം ശിവാജിപാലം സ്വദേശിയും ആന്ധ്ര പോലീസില്‍ കോണ്‍സ്റ്റബിളുമായ ബി. രമേശ്കുമാറി(40)ന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ രമേശ്കുമാറിന്റെ ഭാര്യ ബി.ശിവജ്യോതി, കാമുകനും അയല്‍ക്കാരനുമായ രാമറാവു, ഇയാളുടെ കൂട്ടാളി നീല എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


വിശാഖപട്ടണം വണ്‍ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ രമേശ്കുമാറിനെ ബുധനാഴ്ച രാവിലെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ അടിമുടി ദുരൂഹതയുള്ളതിനാല്‍ പോലീസ് ഭാര്യയെയും കുടുംബാംഗങ്ങളെയും ചോദ്യംചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അയല്‍ക്കാരനായ കാമുകനൊപ്പം ജീവിക്കാനായി ശിവജ്യോതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. അയല്‍ക്കാരായ രാമറാവുവും ശിവജ്യോതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇരുവരുടെയും രഹസ്യബന്ധം അറിഞ്ഞതോടെ രമേശ്കുമാര്‍ ഭാര്യയെ ഈ ബന്ധത്തില്‍നിന്ന് വിലക്കി. എന്നാല്‍, ഭര്‍ത്താവിന്റെ എതിര്‍പ്പ് മറികടന്ന് ശിവജ്യോതി കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇക്കാര്യം മനസിലായതോടെ തന്നെയും രണ്ടുമക്കളെയും വിട്ട് വീട്ടില്‍നിന്ന് പോകണമെന്ന് രമേശ്കുമാര്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ശിവജ്യോതി കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്.

ചൊവ്വാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ രമേശ്കുമാറിന് ശിവജ്യോതി മദ്യം നല്‍കി. മദ്യലഹരിയില്‍ ഭര്‍ത്താവ് ഉറങ്ങിയതോടെ യുവതി കാമുകനെയും കൂട്ടാളിയെയും വിളിച്ചുവരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് രമേശ്കുമാറിനെ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയശേഷം ഭര്‍ത്താവിന്റേത് സ്വാഭാവികമരണമായി ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍, പോലീസിന്റെ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post