Top News

താനൂർ കസ്റ്റഡി മരണം: ആരോപണവിധേയരായ 8 പോലീസുകാർക്ക് സസ്പെൻഷൻ

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ആരോപണ വിധേയരായ പോലീസുകാർക്ക് എതിരെ നടപടി. 8 പോലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി.[www.malabarflash.com]

താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. കെമിക്കൽ ലാബ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ. ഇയാളുടെ ആമാശയത്തിൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം.

ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. താമിർ ജിഫ്രിയെയും മറ്റ് നാല് പേരെയും എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പുലർച്ചെ 1.45 ഓടെയാണ് താനൂരില്‍ നിന്നും പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്. ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പോലീസ് വിശദീകരണം.

ആശുപത്രിയിൽ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമാണ്. പോലീസ് നടപടിക്രമങ്ങളി‍ല്‍ വീഴ്ച ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി അറിയിച്ചു. അസ്വഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്ന സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. നടപടി ക്രമങ്ങളിലെ വീഴ്ച സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അസ്വാഭാവിക മരണം ക്രൈംബ്രാഞ്ച് ഡി വൈഎസ്പി അന്വേഷിക്കുമെന്നും മലപ്പുറം എസ്പി പ്രതികരിച്ചു.

Post a Comment

Previous Post Next Post