Top News

കപ്പൽ ജോലിക്ക് ഇനി സ്ത്രീകളും; റേറ്റിംഗ് വിഭാഗത്തിൽ പരിശീലനത്തിന് 'നുസി' യുടെ സഹായത്തോടെ 18 പെൺകുട്ടികൾ

കാസർകോട്: മർച്ചന്റ് നേവിയുടെ വാണിജ്യ കപ്പലുകളിലെ ജോലി പുരുഷന്മാർക്ക് മാത്രം വഴങ്ങുന്നതാണെന്ന സാമാന്യ സങ്കല്പം ഇനി പഴംകഥ. നാവിഗേറ്റിംഗ് ഓഫീസർ, എഞ്ചിനീയർ തസ്തികകളിൽ പരിമിതമായി സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും ജി.പി. -ജനറൽ പർപസ് (ഡെക്ക്, എഞ്ചിൻ, കാറ്ററിംഗ് ) വിഭാഗത്തിൽ ഇപ്പോൾ സ്ത്രീകൾക്കും ജോലി തേടാവുന്നതാണ്.[www.malabarflash.com]

രാജ്യത്തിൽ ചില പരീശീലന കേന്ദ്രങ്ങളിൽ നിന്ന് ഏതാനും പെൺകുട്ടികൾ ജിപി റേറ്റിംഗ് വിഭാഗത്തിൽ ഇതിനകം ട്രെയിനിങ് പൂർത്തിയാക്കിയിട്ടുണ്ട്. കപ്പലോട്ടക്കാരുടെ സംഘടനയായ എൻ.യു.എസ്. ഐ. (നുസി) യുടെ സ്പോൺസർഷിപ്പോടെ കപ്പലോട്ട ജോലിയിൽ പ്രവേശനം തേടി രാജ്യത്ത് 18 പെൺകുട്ടികളാണ് 6 മാസം നീളുന്ന പ്രീ-സി പരീശീലനത്തിന് അർഹത നേടി ചരിത്രം കുറിച്ചത് . 

9 പേർ മഹാരാഷ്ട്രയിൽ നിന്നാണ്‌. ഹിമാചൽ പ്രദേശിൽ നിന്ന് അഞ്ചും , കേരളത്തിൽ നിന്ന് രണ്ടും ഡൽഹി, അസം എന്നിവിടങ്ങളിൽ നിന്ന് ഓരോ പേരുമാണ് മുംബൈയിലെ ടി. എസ്. റഹ്‌ മാൻ മറൈൻ ഇൻസ്‌റ്റിറ്റ്യുറ്റിൽ പരീശീലനത്തിന് തുടക്കമിട്ടത്.

മലയാളികളായ സിജിന സിദ്ധാർഥും ഗോപിക പുത്തൻതറയും ആലപ്പുഴയിൽ നിന്നുള്ളവരാണ്. വാണിജ്യ കപ്പലുകളിൽ സൈലേഴ്സ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് അവരവരുടെ മിടുക്കിൽ പരീക്ഷ എഴുതി നാവിഗേറ്റിംഗ് ഓഫീസറും തുടർന്ന് ക്യാപ്റ്റൻ പദവി വരെ എത്താനും അവസരമുണ്ടാകും.

അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി മാർച്ച്‌ 18 ന് തുടക്കമിട്ട 'നുസി സ്ത്രീ ശക്തി സപ്പോർട്ട്' എന്ന ക്യാമ്പയിന്റെ ആദ്യ സംരംഭമായാണ് പെൺകുട്ടികളെ റേറ്റിംഗ് വിഭാഗത്തിൽ കപ്പൽ ജോലി നേടാൻ പരീശീലനത്തായി ക്ഷണിച്ചത്. പരിശീലനത്തിന് സാമ്പത്തിക സഹായവും നുസി നൽകിയെന്ന് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സുനിൽ നായർ പറഞ്ഞു. 

പരിശീലനം പൂർത്തിയായി സി.ഡി.സി. യും മറ്റും ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് 'ജി.പി.ട്രെയിനി' റാങ്കിൽ പ്രമുഖ ഷിപ്പിംഗ് കമ്പനികളിൽ പ്ലെയ്സ്മെന്റ് ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു. അതിനുള്ള മുന്നൊരുക്കം പ്രമുഖ കമ്പനികളുമായി നടത്തിക്കഴിഞ്ഞു. തുടർന്നും കൂടുതൽ പെൺകുട്ടികൾ കപ്പൽ ജോലിയിൽ പ്രവേശിക്കാൻ ഇത് പ്രചോദനമാകുമെന്നും സുനിൽ നായർ കൂട്ടിചേർത്തു.

യോഗ്യതയും പ്രായവും
കായിക ശാരീരിക ക്ഷമതയുള്ള എസ്. എസ്. എൽ. സി/പ്ലസ് ടു പാസായ പെൺകുട്ടികൾക്ക് കപ്പൽ പരിശീലനത്തിനുള്ള അവസരം ഉപയോഗിക്കാവുന്നതാണ്. നുസിയുടെ ഗോവയിലെ മരിടൈം പരീശീലന അക്കാദമിയിൽ (nusiacademy.edu.in) ജനുവരി ഒന്നിന് തുടങ്ങുന്ന പ്രി-സി ട്രെയിനിംഗിന് ആൺകുട്ടികളോടൊപ്പം പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. 

എസ്എസ്എൽസി/പ്ലസ് ടു കഴിഞ്ഞ 18 നും 25 നും മധ്യേ പ്രായമുള്ളവർക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. പാസ്പോർട്ട്‌ നിർബന്ധമാണ്. ഡിജി(dgshipping.gov.in) യുടെ അംഗീകാരമുള്ള കൂടുതൽ പ്രി-സി പരിശീലന കേന്ദ്രങ്ങൾ സംസ്ഥാനങ്ങളിലെ പ്രമുഖ പട്ടണങ്ങളിലുമുണ്ട്.

Post a Comment

Previous Post Next Post