Top News

വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.[www.malabarflash.com] 

ലീനയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്‌സിന്‍, ഷാജി എന്നിവരാണ് കൃത്യം നടത്തിയതെന്നും ഒളിവില്‍പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ഒന്നരവര്‍ഷം മുന്‍പാണ് ലീനയുടെ ഭര്‍ത്താവ് സിയാദ് മരിച്ചത്. ഇതിനുശേഷം സിയാദിന്റെ പേരിലുള്ള സ്വത്തും വസ്തുവകകളും കൈയടക്കാനായിരുന്നു സിയാദിന്റെ സഹോദരങ്ങളുടെ ശ്രമമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച കേസ് കോടതിയിലുണ്ട്. ഒന്നരമാസം മുന്‍പ് സിയാദിന്റെ സഹോദരന്‍ അഹദും കുടുംബവും ലീനയുടെ വീട്ടില്‍ക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവുമായി പോലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇതാണ് ഞായറാഴ്ച രാവിലെ വഴക്കിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം.

ഞായറാഴ്ച രാവിലെ ഒരു വിവാഹത്തിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനയ്ക്ക് നേരേ ബന്ധുക്കള്‍ ആക്രമണം നടത്തിയത്. ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവര്‍ ചേര്‍ന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.

അഹദിന്റെ ഭാര്യയും വീട്ടമ്മയെ ആക്രമിച്ചെന്നാണ് ലീനയ്‌ക്കൊപ്പം 20 വര്‍ഷമായി താമസിക്കുന്ന സരസുവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Post a Comment

Previous Post Next Post