Top News

വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ഇടയാറന്‍മുളയില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ചതിന് അറസ്റ്റിലായ അധ്യാപകന് സസ്പെന്‍ഷന്‍. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എരുമക്കാട് ഗുരുക്കന്‍കുന്ന് ദൈവത്താല്‍ മെമ്മോറിയല്‍ ഗവണ്മെന്റ് എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ മെഴുവേലി ആലക്കോട് കാഞ്ഞിരംകുന്നില്‍ ബിനോജ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.[www.malabarflash.com]


വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് ഐ എ എസിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. എ ഇ ഒയുടെ റിപ്പോര്‍ട്ടും പോലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്.

അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകന്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

പഠിപ്പിച്ച കണക്ക് ബുക്കില്‍ എഴുതാത്തതിനാല്‍ കുട്ടിയെ തറയിലിരുത്തി എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴും എഴുതാതിരുന്നപ്പോഴാണ്, മേശയുടെ ഡ്രോയറില്‍ നിന്നും ചൂരലെടുത്ത് അടിച്ചത്. കുട്ടിയുടെ ഇരു കൈകളിലും, കൈത്തണ്ടയിലും, ഇടതുകൈപ്പത്തിക്ക് പുറത്തും അടിയേറ്റ് ചുവന്നു.

Post a Comment

Previous Post Next Post