NEWS UPDATE

6/recent/ticker-posts

കോട്ടയത്ത് എസ്ഐയുടെ മരണം; പോലീസുകാർ ജീവൻപണയം വെച്ചും പ്രതിയെ പിടിക്കണമെന്ന് ഹൈക്കോടതി പറഞ്ഞ് നാലാംദിവസം

കോട്ടയം: പാലാ രാമപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോബി ജോർജ് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ മരണപ്പെട്ടതിന്‍റെ ഞെട്ടലിലാണ് പോലീസ് സേന. ചീട്ടു കളി സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കുപറ്റിയാണ് ജോബി ജോർജ് മരിച്ചത്.[www.malabarflash.com]


രാമപുരം ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിൽ ചീട്ടുകളി സംഘമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എസ്ഐയും സംഘവും ഇവിടെയെത്തിയത്. വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോബി ജോർജ് കാൽവഴുതി കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് വീണത്.

പോലീസുകാർ ജീവൻപണയം വെച്ചും പ്രതിയെ പിടിക്കണമെന്ന് ഹൈക്കോടതി പറഞ്ഞ് നാലാംദിവസമാണ് കോട്ടയത്ത് കൃത്യനിർവഹണത്തിനിടെ സബ് ഇൻസ്പെക്ടർക്ക് ജീവൻ നഷ്ടമാകുന്നത്. ഡ്യൂട്ടിയ്ക്കിടെയുള്ള സംഭവങ്ങളിൽ അപായം സംഭവിക്കുന്നതിൽ സേനയ്ക്കുള്ളിൽ കടുത്ത അമർഷമുണ്ട്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സിക്കാനായി പോലീസ് എത്തിച്ചയാൾ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. പോലീസ് ജീവന്‍ കളഞ്ഞും പ്രതിയുടെ ആക്രമണത്തില്‍ നിന്നും ഡോക്ടറെ സംരക്ഷിക്കണമായിരുന്നുവെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.


ഇത്തരം സന്ദര്‍ഭം ഒരു ഡോക്ടര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാൽ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ആക്രമണം പ്രതിരോധിക്കാന്‍ പരിശീലനം ലഭിച്ചവരാണ്. ആക്രണം ഉണ്ടായപ്പോള്‍ എല്ലാവരും ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും കോടതി വിമര്‍ശിച്ചിരുന്നു.

ഹൈക്കോടതിയുടെ പരാമർശത്തിന് പിന്നാലെ കൊട്ടാരക്കര സംഭവത്തിൽ പോലീസിനെതിരെ പ്രതിപക്ഷവും ബിജെപിയും ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ പലപ്പോഴും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ തന്നെ പ്രതികളെ പിടിക്കാനായി പോകേണ്ട അവസ്ഥയാണ് തങ്ങൾക്കുള്ളതെന്നും ഇക്കാര്യം ആരും മനസിലാക്കാതെയാണ് വിമർശിക്കുന്നതെന്നുമുള്ള അഭിപ്രായം പോലീസ് സേനയിൽ ശക്തമാണ്.

കൊട്ടാരക്കര സംഭവത്തിൽ പരിശോധനയ്ക്കായി പ്രതി സന്ദീപിനെ പ്രൊസീജിയര്‍ റൂമില്‍ കയറ്റിയപ്പോള്‍ പോലീസ് എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. പതിനൊന്നു തവണയാണ് പ്രതി വന്ദനയെ കുത്തിയത്. വന്ദനയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാകണം പോലീസ് അന്വേഷണം. ഓരോ സംഭവം ഉണ്ടാകുമ്പോഴും നടപടിയെടുക്കുമെന്ന് പറഞ്ഞതു കൊണ്ടായില്ല. ഇത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു ഒഴിയാനാകില്ല. ഈ അക്രമത്തെ പോലീസിന് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു.

എന്നാൽ മുമ്പ് സമാനമായ സംഭവങ്ങളിൽ സാഹസികമായി അക്രമികളായ പ്രതികളെ നേരിട്ടപ്പോൾ, സ്ഥലത്തുണ്ടായിരുന്നവർ അത് ചിത്രീകരിച്ച് പ്രചരിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സസ്പെൻഷൻ വരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടങ്ങളിലും പോലീസിനെതിരെ വിമർശനവുമായി രംഗത്തെത്തുകയാണ് രാഷ്ട്രീയക്കാരും മറ്റും ചെയ്യുന്നതെന്ന പരിഭവവും സേനയ്ക്കുണ്ട്. 

ഇതുസംബന്ധിച്ച് സേനയ്ക്കുള്ളിലെ അമർഷം വാട്സാപ്പ് സന്ദേസങ്ങളായി കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിക്കുന്നുണ്ട്.

‘കുത്തുകൊണ്ട് ജീവൻ പോയത് ഒരു പോലീസുകാരന്‍റെ ആയിരുന്നെങ്കിൽ, ഇതിന്‍റെ നാലിലൊന്ന് ബഹളം ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഫേസ്ബുക്കിൽ ന്യൂസിന്‍റെ അടിയിൽ ഹഹ ഇമോജിയും, വികസിത രാജ്യങ്ങളിലെ പോലീസ് പെരുമാറ്റങ്ങളുടെ ക്ലാസ്സും ഉണ്ടായെനെ. പോലീസുകാരൻ ശമ്പളം വാങ്ങുന്നത് ഇതിനോക്കെയാണല്ലോ..’- സേനയ്ക്കുള്ളിൽ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തിലെ പ്രധാന വരികളാണിത്.

മറ്റൊരു വാട്സാപ്പ് സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ, ‘കാക്കിയിട്ടവന്റെ നേരെ കയ്യൊങ്ങിയാൽ തനിക്കു നോവില്ല,
കൂട്ടത്തിലൊരുത്തൻ ചങ്കിൽ ചോരയോലിപ്പിച്ചു നിന്നാലും തനിക്ക് നോവില്ല, മാസ്സ് ഡയലോഗ് നടത്തി കയ്യടിവാങ്ങിയവൻപോലും ഇന്ന് പറയുന്നു പോലീസ് പരാജയം, അമേരിക്കൻ പോലീസിന്‍റെ സ്റ്റെൻഗൺ കണ്ട് കോരിത്തരിച്ചവർ ചോദിക്കുന്നു, എന്തേ തോക്കെടുക്കാത്തെ? അബദ്ധത്തിൽപോലും ഒരു തോക്കുപൊട്ടിയാൽ ഒരാൾക്ക് പരിക്കേറ്റാൽ ജീവഹാനി സംഭവിച്ചാൽ സകല അവകാശ കമ്മീഷനുകൾ, മെമ്മോ, സസ്‌പെൻഷൻ വിചാരണ അവസാനം കാരണവന്മാർ സമ്പാദിച്ചത് വരെ വിറ്റുതുലച്ചു കേസ് നടത്തിപ്പ്..’

‘രാസലഹരിയിൽ ഭ്രാന്തമായ മനസുമായി നിൽക്കുന്നവരുടെ മുന്നിലേക്ക് മനോധൈര്യവും ലാത്തിയും മാത്രമായി നിയമം സംരക്ഷിക്കാൻ ചാടി ഇറങ്ങുന്നവർക്ക് സുരക്ഷ വേണ്ടേ? ആട് ആന്റണി കുത്തിക്കൊന്ന മണിയൻപിള്ളയും കുത്തേറ്റു മൃതപ്രയനായി ഏറെക്കാലം ജീവിച്ച എസ്.ഐ ജോയിയും, ആരും മെഴുകുതിരി കത്തിച്ചില്ല സിറ്റിംഗ് നടത്തിയില്ല, കമ്മീഷനുകൾ കേസെടുത്തില്ല, വിശദീകരണമില്ല, മെമ്മോയില്ല, ജീവൻരക്ഷാ നിയമവും ഉണ്ടാക്കിയില്ല കാരണം അവർ പോലീസുകാരല്ലേ..’- വ്യാപകമായി പ്രചരിച്ച വാട്സാപ്പ് സന്ദേശം ഇങ്ങനെ തുടരുന്നു.

പലപ്പോഴും സാഹസികമായാണ് പൊലീസ് പ്രതികളെ പിടികൂടാൻ പോകുന്നത്. ജീവൻ പോലും നഷ്ടമായേക്കാവുന്ന സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടിവരുന്ന പൊലീസിന്‍റെ അവസ്ഥ ആരും മുഖവിലയ്ക്കെടുക്കാറില്ല. കോട്ടയം രാമപുരത്തെ സംഭവം ഇതിൽ ഒടുവിലത്തെ ഉദാഹരണമാണെന്ന അമർഷം സേനയ്ക്കുള്ളിൽ ശക്തമാണ്.

Post a Comment

0 Comments