NEWS UPDATE

6/recent/ticker-posts

2.25 ദശലക്ഷം ലഹരിമരുന്ന് ഗുളികകൾ കടത്താൻ ശ്രമം; സംഘത്തെ പിടികൂടി അബുദാബി പോലീസ്

അബുദാബി: വൻതോതിൽ ക്യാപ്റ്റഗൺ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. 2.25 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ ഉണക്കിയ ആപ്രിക്കോട്ട് പഴങ്ങൾ നിറച്ച പെട്ടികളിൽ ഒളിപ്പിച്ചാണ് സംഘം കടത്താൻ ശ്രമിച്ചത്. പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ അധികൃതർ സുരക്ഷാ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.[www.malabarflash.com]


ഒരു എമിറേറ്റിലെ മൂന്ന് വ്യത്യസ്ത റെസിഡൻഷ്യൽ അപാർട്ട്‌മെന്റുകളിൽ ക്യാപ്റ്റഗൺ ഗുളികകൾ നിറച്ച പെട്ടികൾ ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയതോടെയാണ് സംഘം വലയിലായത്. യുഎഇ പോലീസും പ്രത്യേക ഏജൻസികളും തമ്മിലുള്ള മികച്ച ഏകോപന ശ്രമത്തിന്റെ ഫലമാണ് വിജയകരമായ ഓപറേഷൻ സാധ്യമായതെന്ന് അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ആന്റി നാർക്കോട്ടിക് ഡയറക്ടർ പറഞ്ഞു. 

പ്രതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പോലീസ് അത്യാധുനിക മാർഗങ്ങൾ അവലംബിച്ചു. എല്ലാ നിയമ നടപടികളും പാലിച്ചാണ് ലഹരിമരുന്ന് വിരുദ്ധ സംഘം പ്രതികളെ പിടികൂടിയതെന്നും നാർക്കോട്ടിക് ക്യാപ്റ്റഗൺ ഗുളികകളുടെ പെട്ടികൾ പിടിച്ചെടുത്തെന്നും ബ്രി. ജനറൽ താഹെർ ഗരീബ് അൽ ദഹേരി വിശദീകരിച്ചു. 

നിരോധിത പദാർഥത്തിന്റെ ഒരു ഭാഗം രാജ്യത്തിനകത്ത് വിപണനം ചെയ്യാനും ബാക്കിയുള്ളവ അയൽ രാജ്യത്തേക്ക് കടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. ലഹരിമരുന്ന് തയാറാക്കുന്നതിനും സംസ്ക്കരിക്കുന്നതിനും പാക്കേജുചെയ്യുന്നതിനുമുള്ള ഉപകരണങ്ങളും ഏജൻസികൾ പിടിച്ചെടുത്തു.

വിവിധ ക്രിമിനൽ മാർഗങ്ങൾ ഉപയോഗിച്ച് സമൂഹത്തിലേക്ക് വിഷം പടർത്താനും യുവാക്കളെ ലക്ഷ്യമിടാനും മടിക്കാത്ത ലഹരിമരുന്ന് വ്യാപാരികളെ നേരിടുന്നതിൽ അബുദാബി പോലീസിന്റെ പ്രഫഷനൽ കഴിവുകളെ അൽ ദഹേരി അഭിനന്ദിച്ചു. 

ലഹരിമരുന്ന് അപകടങ്ങൾ തടയുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായും പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിമരുന്ന് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരവും അറിയിക്കാൻ മടിക്കരുതെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു.

ലഹരിമരുന്ന് പ്രോത്സാഹനം തടയാനുള്ള അബുദാബി പോലീസിന്റെ ശ്രമങ്ങളുടെ നല്ല സൂചകമായാണ് അറസ്റ്റുകളുടെ എണ്ണം കണക്കാക്കുന്നത്. ‌ക്യാപ്റ്റഗൺ ശക്തമായ സൈക്കോസ്റ്റിമുലന്റ് മരുന്നാണ്. ദുരുപയോഗത്തിനും ആസക്തിക്കുമുള്ള ഉയർന്ന സാധ്യതയുള്ളതിനാൽ നിയന്ത്രിത പദാർഥമായി ഇത് തരംതിരിച്ചിട്ടുണ്ട്. ലഹരിമരുന്ന് കടത്തിനെതിരെ യുഎഇ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. ‌ രാജ്യത്തെക്കോ പുറത്തെക്കോ ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നവരെ ഏതുവിധേനയും അറസ്റ്റ് ചെയ്യും.

Post a Comment

0 Comments