NEWS UPDATE

6/recent/ticker-posts

സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കായംകുളം: സോളർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂരിലാണ് സംഭവം. ഇവിടെ രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസ്സിലാണ് ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.[www.malabarflash.com]


ഹരികൃഷ്ണന്റെ മരണം ആത്മഹത്യയാണെന്നും സംശയമുണ്ട്. ഇദ്ദേഹത്തിന്റെ പോക്കറ്റിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെ സോളർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.‍

സോളർ കേസിൽ സരിതയെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്‌റ്റ് ചെയ്‌തതിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. തലശേരിയിൽ നിന്ന് എസ്ഐ ബിജു ലൂക്കോസിന്റെ നേതൃത്വത്തിൽ സരിതയെ അറസ്‌റ്റ് ചെയ്യാൻ പുറപ്പെട്ട പോലീസ് സംഘത്തെ മറികടന്നു ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ടു സരിതയെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ആരോപണം.

സരിതയുടെ അറസ്റ്റിനെ തുടർന്നു വിവാദത്തിലകപ്പെട്ട ഹരികൃഷ്ണനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനു വിജിലൻസ് കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ പെരുമ്പാവൂരിലെ ഫ‌്ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലൻസ് റെയ്ഡ് നടത്തുകയും ചെയ്തു. വസ്‌തു ഇടപാടുകളുമായും വരവു ചെലവുമായും ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ അന്ന് പിടിച്ചെടുത്തിരുന്നു. പിന്നീട് ഹരികൃഷ്ണന് സസ്പെൻഷനും ലഭിച്ചു.

ഹരികൃഷ്‌ണന്റെ പേരിൽ ഹരിപ്പാട്ട് രണ്ടു വീടുകളുള്ളതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൽ ഒരു വീട് വാടകയ്ക്കു കൊടുത്തിരിക്കുകയായിരുന്നു. കായംകുളം വള്ളിക്കുന്നത്തു നിർമിച്ച ആഡംബര വസതിക്ക് 75 ലക്ഷം രൂപയാണു അന്ന് വിജിലൻസ് മതിപ്പുവില കണക്കാക്കിയത്. വള്ളിക്കുന്നത്തെ വീട് ഭാര്യ വീട്ടുകാർ പണിതു നൽകിയതെന്നാണ് ഹരികൃഷ്ണൻ നൽകിയ വിശദീകരണം. ഹരികൃഷ്‌ണൻ താമസിക്കുന്ന പെരുമ്പാവൂർ–ആലുവ റൂട്ടിലെ രാജമന്ദിർ ഫ്‌ളാറ്റ് ബെനാമിയുടേതാണെന്നു സംശയിക്കുന്നതായി അന്ന് വിജിലൻസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു. ഈ ഫ്‌ളാറ്റിലാണു വർഷങ്ങളായി ഹരികൃഷ്ണൻ താമസിച്ചിരുന്നത്.

സോളർ കേസുമായി ബന്ധപ്പെട്ട കമ്മിഷനു മുന്നിലും ഹരികൃഷ്ണൻ പലതവണ ഹാജരായിരുന്നു. എഡിജിപി കെ. പത്മകുമാറും താനും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണു ധൃതിപിടിച്ചു സരിതയെ അറസ്റ്റ് ചെയ്തതെന്ന അവരുടെ ആരോപണം ഹരികൃഷ്ണൻ കമ്മിഷനു മുൻപാകെ നിഷേധിച്ചിരുന്നു. അതേസമയം, അന്ന് ഐജിയായിരുന്ന പത്മകുമാർ സരിതയെ ഉടൻ അറസ്റ്റ് ചെയ്യാനും അന്വേഷണം ത്വരിതഗതിയിലാക്കാനും തനിക്ക് നിർദേശം നൽകിയത് എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമായിരുന്നോ എന്നറിയില്ലെന്നും ചോദ്യത്തിനുത്തരമായി സോളർ കമ്മിഷനിൽ അദ്ദേഹം മൊഴി നൽകി. എന്നാൽ താനുമായി ഇക്കാര്യത്തിൽ ഗൂഢാലോചനയൊന്നും നടത്തിയിട്ടില്ലെന്നും ഹരികൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments