NEWS UPDATE

6/recent/ticker-posts

ഗോമൂത്രത്തിൽ ആരോ​ഗ്യത്തിന് ഹാനികരമായ 14 ബാക്റ്റീരിയകൾ, ഒരു സാഹചര്യത്തിലും കുടിക്കരുത്- ഐ.വി.ആർ.ഐ പഠനം

ബറേലി: ​​​ഗോമൂത്രത്തിലെ ഹാനികരമായ ബാക്റ്റീരിയകളെക്കുറിച്ച് പങ്കുവെച്ച് പുതിയ പഠനം. ​ഗോമൂത്രത്തിൽ ആരോ​ഗ്യത്തിന് ദോഷകരമായ ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ടെന്നും അതു നേരിട്ടു കുടിക്കുക വഴി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നുമാണ് പഠനം. ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്(ICAR-Indian Veterinary Research Institute - IVRI) പഠനം സംഘടിപ്പിച്ചിരിക്കുന്നത്.[www.malabarflash.com]


ഐ.വി.ആർ.ഐയിലെ എപിഡെമിയോളജി വിഭാ​ഗം മേധാവിയായ ഭോജ് രാജ് സിങ്ങും മൂന്ന് പിഎച്ച്ഡി വിദ്യാർഥികളുമാണ് ​ഗവേഷണത്തിന് നേതൃത്വം നൽകിയത്. ആരോ​ഗ്യമുള്ള പശുക്കളിൽനിന്നും കാളകളിൽ നിന്നുമുള്ള മൂത്രത്തിന്റെ സാമ്പിളുകൾ ശേഖരിച്ചപ്പോഴാണ് 14 ഇനം ഹാനികരമായ ബാക്റ്റീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇ-കോളി ഉൾപ്പെടെയുള്ള ബാക്റ്റീരിയകളാണ് മൂത്രത്തിൽ കണ്ടെത്തിയത്.

മനുഷ്യന്റെയും എരുമയുടെയും മൂത്രവും പഠനത്തിനായി നിരീക്ഷിച്ചിരുന്നു. ചിലതരം ബാക്റ്റീരിയകൾക്കെതിരെ എരുമയുടെ മൂത്രം ഫലപ്രദമാണെന്നും ആരോ​ഗ്യവാന്മാരായ വ്യക്തികളുടെ മൂത്രത്തിൽ രോ​ഗകാരികളായ ബാക്റ്റീരിയകൾ കണ്ടെത്തിയെന്നും പഠനത്തിൽ പറയുന്നു. ഓൺലൈൻ റിസർച്ച് വെബ്സൈറ്റായ റിസർച്ച്​ഗേറ്റിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിവാൾ, തർപാർകർ, വിന്ദാവനി എന്നീ മൂന്ന് വിഭാ​ഗം പശുക്കളിൽ നിന്നുള്ള മൂത്ര സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. ​2022 ജൂൺ മൂതൽ നവംബർ വരെയുള്ള ​കാലയളവിലാണ് ​ഗവേഷണം നടത്തിയത്.

ഗോമൂത്രം ആന്റിബാക്റ്റീരിയൽ ആണെന്ന ധാരണയെ തിരുത്തുന്നതാണ് പുതിയ പഠനം. ഒരു സാഹചര്യത്തിലും ​ഗോമൂത്രം മനുഷ്യന് നിർദേശിക്കാവുന്നതല്ലെന്ന് ഭോജ് രാജ് സിം​ഗ് പറഞ്ഞു. ശുദ്ധീകരിച്ച ​ഗോമൂത്രത്തിൽ ഹാനികരമായ ബാക്റ്റീരിയകൾ ഇല്ലെന്ന് ചിലർ പറയാറുണ്ട്. അക്കാര്യത്തിൽ കൂടുതൽ ​ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പഠനത്തെ ചോദ്യംചെയ്ത് ഐ.വി.ആർ.ഐ.യുടെ മുൻ ഡയറക്ടർ ആർ.എസ്. ചൗഹാൻ രം​ഗത്തെത്തി. 25 വർഷത്തോളമായി ​ഗോമൂത്രത്തിൽ ​ഗവേഷണം നടത്തുകയാണ് താനെന്നും ശുദ്ധീകരിച്ച ​ഗോമൂത്രം മനുഷ്യന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും കാൻസറിനെയും കോവിഡിനെയും പ്രതിരോധിക്കുകയും ചെയ്യുമെന്നും ചൗഹാൻ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ നിർദേശങ്ങൾ പാലിക്കാതെ ഇന്ത്യൻ വിപണിയിൽ സജീവമായി വിറ്റഴിക്കപ്പെടുന്ന വസ്തുക്കളിലൊന്നാണ് ​ഗോമൂത്രം.

Post a Comment

0 Comments