NEWS UPDATE

6/recent/ticker-posts

അട്ടപ്പാടി മധു വധക്കേസ്: പതിനാല് പ്രതികള്‍ കുറ്റക്കാർ, ശിക്ഷാ വിധി നാളെ, രണ്ട് പേരെ വെറുതെ വിട്ടു

പാലക്കാട്: ആദിവാസിയുവാവ് മധുവിനെ മോഷണം ആരോപിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പ്രതിപ്പട്ടികയിലുള്ള 16 പേരില്‍ 4,11 പ്രതികളെ വെറുതെവിട്ടു.[www.malabarflash.com]

സാക്ഷികളില്‍ പലരും വിചാരണക്കിടെ കൂറുമാറിയ കേസിലാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

നാലും 11-ഉം പ്രതികള്‍ ഒഴികെ മറ്റു പ്രതികളായ ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബൈജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുള്‍ കരീം എന്നിവരെ കോടതി വെറുതെവിട്ടു. മധുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന കുറ്റമാണ് നാലാം പ്രതി അനീഷിനെതിരെ ചുമത്തിയിരുന്നത്. 11-ാം പ്രതി അബ്ദുള്‍ കരീമിനെതിരെ ചുമത്തിയിരുന്നത് മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന കുറ്റമാണ്.

2018 ഏപ്രില്‍ 22-നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്. അഞ്ചുവര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വന്നത്.

കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ചെന്നും തുടര്‍ന്ന്, കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഏപ്രില്‍ 28-ന് വിചാരണ തുടങ്ങിയതുമുതല്‍ നടന്ന സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം വിവാദമായിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് കേസിന്റെ വിചാരണനടപടി പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. വധക്കേസില്‍ വിചാരണ തുടങ്ങിയശേഷം പ്രോസിക്യൂട്ടര്‍മാര്‍ ചുമതലയേല്‍ക്കാതിരുന്നതും പിന്നീട് ചുമതലയേറ്റ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രാജേന്ദ്രനെ മാറ്റാന്‍ കുടുംബം തന്നെ ആവശ്യപ്പെട്ടതും കേസിന്റെ നാള്‍വഴികളില്‍ ചര്‍ച്ചയായിരുന്നു.

കൊല്ലപ്പെടുമ്പോള്‍ വെറും 27 വയസ്സ് മാത്രമായിരുന്നു മധുവിന് പ്രായം. ഏഴാംതരംവരെ പഠിച്ചു. അച്ഛന്റെ മരണത്തെത്തുടര്‍ന്നാണ് പഠിപ്പു നിര്‍ത്തേണ്ടിവന്നത്. സംയോജിത ഗോത്രവികസന പദ്ധതിക്ക് (ഐ.ടി.ഡി.പി.) കീഴില്‍ പാലക്കാട്ട് മരപ്പണിയില്‍ പരിശീലനം നേടി ജോലിക്കായി ആലപ്പുഴയ്ക്ക് പോയെങ്കിലും അവിടെവെച്ച് ഒരു സംഘര്‍ഷത്തിനിടയില്‍പ്പെട്ട് തലയ്ക്കു പരിക്കേറ്റു. നാട്ടില്‍ മടങ്ങിയെത്തി അലഞ്ഞുനടപ്പായി. ഇതിനിടെ സമീപത്തെ കാടുകയറി ഗുഹകളിലും മറ്റും താമസിക്കാന്‍ തുടങ്ങി. വല്ലപ്പോഴും നാട്ടിലിറങ്ങും, മടങ്ങും.

കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയില്‍നിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മധുവിനെ മര്‍ദിച്ചത്. സംഭവദിവസം കാട്ടില്‍ മരത്തടികള്‍ ശേഖരിക്കാന്‍ പോയ ഒരാള്‍ ഗുഹയ്ക്കുള്ളില്‍ മധുവിനെ കാണുകയും മുക്കാലിയില്‍നിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. ഈ ആള്‍ക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തെന്ന് കേസിന്റെ രേഖകളില്‍ പറയുന്നു. കൈകള്‍ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റര്‍ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു. നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മര്‍ദിച്ചു. മുക്കാലിയിലെത്തുമ്പോള്‍ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞ് 2.30. കൂട്ടത്തിലാരോ പോലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പോലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജീപ്പില്‍വെച്ച് മധു ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. 4.15-ഓടെ ആശുപത്രിയിലെത്തി. മധു മരിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതരക്ഷതമാണു മരണകാരണമെന്നു പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി. തലയ്ക്കുപിന്നില്‍ മാരകമാംവിധം മുറിവേറ്റിരുന്നു. വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. ശരീരത്തില്‍ 42 മുറിവുകളെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിലും പറയുന്നു.

മധുവിനെ മര്‍ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയെന്ന നികൃഷ്ടതകൂടി പ്രദര്‍ശിപ്പിച്ചു, അക്രമികള്‍. അവശനായിരിക്കുന്ന മധുവിന്റെ സമീപം നിന്ന് സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ചു, പ്രതികളിലൊരാള്‍. ജുഗുപ്‌സാവഹമായ ഈ ദൃശ്യങ്ങള്‍ സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചു. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍വരെ വാര്‍ത്തയായി. ജനവികാരമുയര്‍ന്നതോടെ പോലീസ് 16 പേരെ അറസ്റ്റുചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും (ഐ.പി.സി.) പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രം 2018 മേയ് മാസത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Post a Comment

0 Comments