NEWS UPDATE

6/recent/ticker-posts

ഫോൺ ഉപയോഗിച്ചാൽ 2000 രൂപ; ഇന്ന് മുതൽ റോഡിലെ പിഴവുകൾക്ക് വൻ പിഴ– അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മുതല്‍ എഐ ക്യാമറകള്‍ കണ്ണുതുറക്കുമ്പോള്‍ റോഡിലെ പിഴവുകള്‍ക്ക് വന്‍പിഴയാവും നല്‍കേണ്ടിവരിക.[www.malabarflash.com]

വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു പരിഗണിച്ചാണ് ഫുള്ളി ഓട്ടമേറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ക്യാമറ വഴിയുള്ള ഡേറ്റയും ദൃശ്യങ്ങളും പോലീസ്, എക്‌സൈസ്, മോട്ടര്‍ വാഹന, ജിഎസ്ടി വകുപ്പുകള്‍ പങ്കിടും.

പ്രധാന പിഴകള്‍
എഐ ക്യാമറകള്‍ വിഡിയോ സ്‌കാനിങ് സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലാവും വാഹനങ്ങളുടെ നീക്കം ചിത്രീകരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനം ഓടിച്ചാല്‍ 2,000 രൂപയാവും പിഴ ഈടാക്കുക. അമിത വേഗം- 1500 രൂപ, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ഇല്ലെങ്കില്‍ - 500 രൂപ, റിയര്‍ വ്യൂ മിറര്‍ ഇല്ലെങ്കില്‍ - 250 രൂപ, ട്രിപ്പിള്‍ റൈഡ് - 2000 രൂപ എന്നിങ്ങനെയാണ് പ്രധാന പിഴകള്‍.

ഒരു ദിവസം എത്ര നിയമലംഘനങ്ങൾ നടത്തിയാലും അതിനെല്ലാം പിഴ നൽകേണ്ടിവരുമെന്ന് മോട്ടർ വാഹനവകുപ്പ്. ഒരു ദിവസം ഒരു പിഴ കിട്ടിയാൽ വീണ്ടും പിഴ ഈടാക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഉദാഹരണത്തിന്, തലസ്ഥാന ജില്ലയിൽ നെടുമങ്ങാട് ഭാഗത്തുവച്ച് ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ചത് ക്യാമറയിൽ പതിഞ്ഞാൽ ആറു മണിക്കൂറിനകം ഫോണിൽ 500 രൂപ പിഴ സന്ദേശം വരും. അരമണിക്കൂറിനുശേഷം കവടിയാർ ഭാഗത്തുവച്ചും ഹെൽമറ്റില്ലാതെ സഞ്ചരിക്കുന്നത് ക്യാമറയിൽ പതിഞ്ഞാൽ 500 രൂപ കൂടി പിഴ ഈടാക്കും. ആയിരം രൂപ ഇങ്ങനെ നഷ്ടപ്പെടും. ഹെൽമറ്റില്ലാതെ സഞ്ചരിക്കുന്നത് പതിയുന്ന എഐ ക്യാമറകളെല്ലാം പിഴ ഈടാക്കാനുള്ള സന്ദേശം കൺട്രോൾ റൂമിലേക്ക് നൽകും.

നിയമലംഘനം ആവർത്തിച്ചാൽ പിഴയും ആവർത്തിക്കുമെന്ന് മോട്ടർ വാഹനവകുപ്പ് അറിയിച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ചാൽ 2000 രൂപയാണ് പിഴ. ഒരു ദിവസം വാഹനം ഓടിക്കുമ്പോൾ 5 തവണ വ്യത്യസ്ത സ്ഥലങ്ങളിൽ മൊബൈലിൽ സംസാരിക്കുന്നത് എഐ ക്യാമറയിൽ പതിഞ്ഞാൽ 10,000 രൂപ പിഴയായി അടയ്ക്കേണ്ടിവരും. വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും പിഴയിൽ ഇളവുകളുണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

എത്ര തവണ പിഴ ആവർത്തിക്കുന്നോ അതിനെല്ലാം പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥ ഉണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്ഥിരമായി നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും.

വിഐപി വാഹനങ്ങളെ പിഴയിൽനിന്ന് നിയമപ്രകാരം ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ജഡ്ജിമാർ, മറ്റു പ്രധാന പദവികൾ വഹിക്കുന്നവർ, ക്രമസമാധാനപരിപാലനത്തിനായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ എന്നിവരുടെ വാഹനങ്ങളെയാണ് ഒഴിവാക്കുന്നതെന്ന് മോട്ടർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. കേരളത്തിൽ മാത്രം ഇളവുകൾ നൽകുന്നതല്ലെന്നും രാജ്യത്തെ നിയമം അനുസരിച്ചാണ് പ്രധാന വ്യക്തികൾക്ക് ഇളവ് നൽകുന്നതെന്നും വകുപ്പ് പറയുന്നു. വിഐപി വാഹനങ്ങളെ ഒഴിവാക്കാൻ സോഫ്റ്റുവെയറിൽ സജ്ജീകരണം ഏർപ്പെടുത്തി. ‘ബീക്കൺ ലൈറ്റ് വച്ചിരിക്കുന്ന വാഹനങ്ങളെല്ലാം എമർജൻസി വാഹനങ്ങളാണ്. ആ വാഹനങ്ങൾ വേഗത്തിൽ ഓടി എത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഇതാണ് നിയമപരമായി അവർക്ക് ഇളവുകൾ നൽകുന്നത്’–ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനാണ് എഐ ക്യാമറകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. 726 ക്യാമറകളാണ് ആകെയുള്ളത്. സർവൈലൻസ്, എവിഡൻസ്, ക്യാപ്ച്ചർ ക്യാമറ എന്നിങ്ങനെ മൂന്ന് തരത്തിലാണ് നിയമലംഘനങ്ങൾ എഐ ക്യാമറകൾ ഒപ്പിയെടുക്കുന്നത്. വിഡിയോ സ്കാനിങ് സോഫ്റ്റുവെയർ സംവിധാനത്തിലൂടെ വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കും. മൺവിളയിലെ കെൽട്രോണിന്റെ സെന്റർ ഡേറ്റ ബാങ്കിൽ ദൃശ്യങ്ങൾ ശേഖരിക്കും. ഇവ തരംതിരിച്ച് ജില്ലാ കൺട്രോൾ റൂമുകൾക്ക് കൈമാറും. അവിടെനിന്ന് നാഷനൽ ഡേറ്റ ബേസിനു കൈമാറി ഇ–ചെല്ലാൻ സൃഷ്ടിക്കും. നിയമലംഘനം നടന്ന് പരമാവധി ആറു മണിക്കൂറിനുള്ളിൽ മൊബൈൽ ഫോണിൽ സന്ദേശമെത്തും. നാലുവയസ്സു മുതലുള്ളവർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം. റോഡിലെ വരകൾ ലംഘിച്ചാലും പിഴ ലഭിക്കും.

Post a Comment

0 Comments