NEWS UPDATE

6/recent/ticker-posts

സെന്റോഫ് കളറാക്കാന്‍ വിദ്യാര്‍ഥികളെത്തിയത് ഫ്രീക്കന്‍ വാഹനത്തില്‍; കൈയോടെ പൊക്കി പോലീസ്

കാളികാവ്: പ്ലസ്ടു അവസാനപരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനിറങ്ങിയ ഫ്രീക്കന്‍മാരെ പോലീസ് പൊക്കി. അടയ്ക്കാക്കുണ്ട് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പരീക്ഷകഴിഞ്ഞ് വിലസാനിറങ്ങിയത്. പതിവു രീതിയായ ബൈക്കുകളെല്ലാം മാറ്റി തുറന്ന ജീപ്പുകളിലും കാറുകളിലുമാണ് വിദ്യാര്‍ഥികള്‍ കറങ്ങാന്‍ ഇറങ്ങിയത്. സെന്റോഫിന്റെ പേരില്‍ വാഹനങ്ങളില്‍ വിലസുന്നത് നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.[www.malabarflash.com]


അധ്യാപകരുടെ താക്കീത് വകവെക്കാതെ സ്‌കൂള്‍ പരിസരത്തുനിന്ന് മാറി വിലസാനിറങ്ങിയവരാണ് വാടകയ്ക്ക് എടുത്ത വാഹനസഹിതം പിടിയിലായത്. തുറന്ന ജീപ്പും രണ്ട് ബൈക്കും കാറും ഉള്‍െപ്പടെ അഞ്ച് വാഹനങ്ങളാണ് പിടികൂടിയത്. സ്‌കൂളില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി അമ്പലക്കുന്ന് മൈതാനിയില്‍ നിന്നാണ് വാഹനങ്ങള്‍ പിടികൂടിയത്. സ്‌കൂള്‍ പരിസരങ്ങളില്‍ നിരീക്ഷണത്തിന് പോലീസിനെ നിയമിച്ചിരുന്നു.

കുട്ടികള്‍ ആഘോഷം മൈതാനിയിലേക്ക് മാറ്റി. കുട്ടികള്‍ വാഹനങ്ങളില്‍ കറങ്ങി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് എത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. ബൈക്കുകളും കാറും വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി വിട്ടുകൊടുത്തു. ജീപ്പുകള്‍ വിട്ടുകൊടുത്തിട്ടില്ല. ഉടമകള്‍ എത്തി രൂപമാറ്റം വരുത്തിയതിനുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ വിട്ടു നല്‍കുകയുള്ളുവെന്ന് കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ശശീധരന്‍ പിള്ള പറഞ്ഞു. സ്‌കൂളിനകത്ത് ഒതുക്കിയ ആഘോഷങ്ങള്‍ക്കെതിരേ നടപടികളൊന്നും സ്വികരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments