NEWS UPDATE

6/recent/ticker-posts

സോളാറില്‍ തിളങ്ങാന്‍ പാലക്കുന്ന്: ഉദുമയില്‍ നഗര സൗന്ദര്യ വല്‍ക്കരണത്തിന് തുടക്കം

ഉദുമ: സന്ധ്യകഴിഞ്ഞാൽ വർഷങ്ങളായി ഇരുട്ടിലേക്ക് നിദ്രപൂകുന്ന പാലക്കുന്ന് ടൗണിന് വെളിച്ചമേകി സോളാർ വിളക്കുകൾ പ്രകാശിച്ചു തുടങ്ങി. 2022-23 വാർഷിക പദ്ധതിയിൽ ഉദുമ ഗ്രാമപഞ്ചായത്ത് 16 ലക്ഷത്തിലേറെ ചെലവിട്ട് സ്ഥാപിച്ചത് 21 സോളാർ വിളക്കുകളാണ്.[www.malabarflash.com]

കോട്ടിക്കുളം ജി. യു. പി. സ്കൂൾ മുതൽ പാലക്കുന്ന് മത്സ്യമാർക്കറ്റിനോടടുത്തുവരെയുള്ള ഡിവൈഡറില്‍ 10 മീറ്റര്‍ ഇടവിട്ടാണിവ സ്ഥാപിച്ചത്. ബേക്കല്‍ ടൂറിസത്തിന്റെ പ്രധാന പ്രവേശന കവാടമായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണ് പാലക്കുന്ന്. ഉദുമ പഞ്ചായത്തിലെ പ്രധാന ടൗണുകളായ മാങ്ങാട്, ഉദുമ, പാലക്കുന്ന്, തൃക്കണ്ണാട് എന്നീ ടൗണുകളുടെ വികസനം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ ആദ്യഘട്ടമായാണ് പാലക്കുന്ന് ടൗണില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. 

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് കുണ്ടറ (കൊല്ലം) എന്ന സ്ഥാപനമാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. 8 മീറ്റര്‍ ഉയരത്തിലുളള തൂണില്‍ 30 വാട്ടിന്റെ 2 എല്‍ഇഡി ലൈറ്റുകളും 65 ഡബ്ല്യൂ. പി. സോളാര്‍ പാനലും ഉള്‍പ്പെട്ടിട്ടുളള ഒരു യൂണിറ്റിന് 80000 രൂപയാണ് മുതല്‍ മുടക്ക്. 36 മാസത്തെ വാറന്റിയും കമ്പനി നല്‍കിയിട്ടുണ്ട് . 

1454788 രൂപ വികസന ഫണ്ടില്‍ നിന്നും ബാക്കി പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് പദ്ധതി യാഥാര്‍ഥ്യ മാക്കിയത്. പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി ശനിയാഴ്ച വൈകുന്നേരം ഇത് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥിരം കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Post a Comment

0 Comments