Top News

റോഡരികിലെ സോളാർ സ്ട്രീറ്റ് ലൈറ്റിലെ ബാറ്ററികൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ

മേല്പറമ്പ: കാസറകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചെമ്മനാട് റോഡരികിൽ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇൻവർട്ടർ സോളാർ ബാറ്ററികൾ മോഷ്ടിച്ച് വാഹനത്തിൽ കടത്തി കൊണ്ടു പോകാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ മേല്പറമ്പ പോലീസ് കൈയ്യോടെ പിടികൂടി കേസെടുത്തു.[www.malabarflash.com]

കഴിഞ്ഞ ദിവസം അർദ്ധരാത്രി ചെമ്മനാട് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം സംസ്ഥാന പാതയിൽ വാഹന പരിശോധന നടത്തിവരവെയാണ്  മേല്പറമ്പ സിഐ ടി ഉത്തംദാസ്, എസ്ഐ കെ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്  സംഘം നാട്ടുകാരുടെ സഹകരണത്തോടു കൂടി ബാറ്ററി മോഷ്ടാക്കളെ കൈയ്യോടെ പിടികൂടിയത്

പോലീസ് സംഘം വാഹന പരിശോധന നടത്തുന്നത് കണ്ട് നിർത്താതെ പോയ  ഓട്ടോറിക്ഷയെ  പിന്തുടർന്ന പോലീസ് സംഘം  ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത്  പിടികൂടി  പരിശോധിച്ചതിൽ പിൻസിറ്റിൽ രണ്ട് വലിയ ഇൻവർട്ടർ സോളാർ ബാറ്ററികൾ കാണപ്പെടുകയും ഡ്രൈവറെയും യാത്രക്കാരനെയും വിശദമായി ചോദ്യം ചെയ്തതിൽ പ്രതികൾ തെരുവ് വിളക്കിലെ  ഇൻവർട്ടർ  ബാറ്ററികൾ മോഷ്ടിച്ച് കടത്തി കൊണ്ട് പോകുന്ന സംഘമാണെന്ന്  മനസിലായി.

ഓട്ടോഡ്രൈവറായ കളനാട് മാക്കോട്, കൂവത്തൊട്ടിയിലെ ടിഎ അബ്ദുൾ മൻസൂർ (41), ചെമ്മനാട് ചളിയംകോട് അബ്ദുൾ കാദർ അഫീക് (29), എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് പ്രതികൾ സഞ്ചരിച്ച  KL14 H 8430 നമ്പർ  ഓട്ടോറിക്ഷയും രണ്ട് വലിയ ലൂമിനസ് സോളാർ ബാറ്ററികളും കസ്റ്റഡിയിലെടുത്തു. 

വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ  പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്ത്  സബ് ജയിലിലേക്ക് അയച്ചു.

ബാറ്ററി മോഷ്ടാക്കളെ പിടികൂടിയ പോലീസ് സംഘത്തിൽ മേല്പറമ്പ സിഐ ടി ഉത്തംദാസിനൊപ്പം എസ്ഐ കെ അനുരൂപ്, ഗ്രേഡ് എസ്ഐ ശശിധരൻ പിള്ള,  സിവിൽ  പോലീസുദ്യോഗസ്ഥരായ അജിത്കുമാർ ടി, പ്രദീഷ്കുമാർ പിഎം, ഉണ്ണികൃഷ്ണൻ സി,  വിനീഷ്, സക്കറിയ എന്നിവരും ഉണ്ടായിരുന്നു.

കാസര്കൊടിന്റെ പല ഭാഗത്തും നേരത്തേയും ഇത്തരത്തിൽ സോളാർ  ബാറ്ററി മോഷണം നടന്നിട്ടുള്ളതിനാൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതലായി  ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന് മേല്പറമ്പ പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post