Top News

സ്ത്രീ വിരുദ്ധ പരാമർശം: കെ സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: സിപിഐഎം വനിത നേതാക്കൾക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ്. സിപിഐഎം നേതാവും ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ സി എസ് സുജാതയുടെ പരാതിയിലാണ് നടപടി.[www.malabarflash.com]

തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കെ സുരേന്ദ്രനെതിരെ സിപിഐഎം പ്രവർത്തകനായ അൻവർഷാ പാലോട് മ്യൂസിയം പോലീസിൽ പരാതി നൽകിയിരുന്നു. കോൺ​ഗ്രസ് നേതാവ് വീണ എസ് നായരും സുരേന്ദ്രനെതിരെ പരാതി നൽകിയിരുന്നു. വീണ എസ് നായരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സുരേന്ദ്രനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും അറിയിച്ചു. 

തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിപിഐഎമ്മിലെ വനിതാ നേതാക്കള്‍ തടിച്ചുകൊഴുത്ത് പൂതനകളായി എന്നായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം. ' സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു, നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്.' എന്നായിരുന്നു സുരേന്ദ്രന്റെ അധിക്ഷേപം.

Post a Comment

Previous Post Next Post