NEWS UPDATE

6/recent/ticker-posts

നീതിക്കുവേണ്ടി ഭരണഘടനയിൽ അഭയം പ്രാപിക്കുന്നു, രണ്ടാമതും വിവാഹത്തിനൊരുങ്ങുന്നുവെന്ന് ഷുക്കൂർ വക്കീൽ

കാഞ്ഞങ്ങാട്: സ്‌പെഷ്യ
ൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂർ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഷുക്കൂർ. ഭാര്യയായ പി.എ. ഷീനയെ തന്നെയാണ് അദ്ദേഹം വീണ്ടും വിവാഹംകഴിക്കുന്നത്.[www.malabarflash.com]

മാർച്ച് എട്ടിന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാറുടെ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്നുവെന്ന് ഷുക്കൂർ വക്കീൽ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

'ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ലെന്ന് ഷുക്കൂർ വക്കീൽ ഫെയ്സ്ബുക്കിൽ കുറിച്ചു. തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരിൽ നിലനിൽക്കുമ്പോൾ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയിൽ അഭയം പ്രാപിക്കുക മാത്രമാണ്. സ്‌പെഷ്യൽ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് തങ്ങൾ ചെയ്യുന്നത്. ഞങ്ങളുടെ മക്കൾക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.' അദ്ദേഹം എഴുതി.

1906ൽ Sir D H Mulla എഴുതിയ Principles of Mahomedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികൾ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നിൽ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കൾക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. അഥവാ തഹസിൽദാർ നൽകുന്ന അനന്തരവകാശ സർട്ടിഫിക്കറ്റിൽ ഞങ്ങളുടെ മക്കൾക്ക് പുറമേ സഹോദരങ്ങൾക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങൾക്ക് ആൺമക്കളില്ല എന്നതു മാത്രമാണ്. ഒരാൺകുട്ടിയെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ മുഴുവൻ സ്വത്തും മക്കൾക്ക് തന്നെ കിട്ടിയേനെയെന്ന് ഷുക്കൂർ വക്കീൽ പറയുന്നു.

'ഞങ്ങൾക്ക് ജനിച്ചത് പെൺകുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവേചനം മക്കൾ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല. 1950 ൽ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണഘടനയിലെ 14ാം അനുഛേദം ജാതി മത വർഗ്ഗ ലിംഗ ഭേദമന്യേ എല്ലാവർക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നൽകുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കൾക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്. തങ്ങളുടെ ജീവിതസമ്പാദ്യം സ്വന്തം മക്കൾക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെൺമക്കൾ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകൾക്കെന്താണ് പോംവഴി? അനന്തര സ്വത്ത് പെൺമക്കൾക്ക് തന്നെ ലഭിക്കാൻ എന്താണ് മാർഗ്ഗം?' അദ്ദേഹം ചോദിക്കുന്നു

'നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങൾക്ക് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ൽ നമ്മുടെ പാർലമെന്റ് അംഗീകരിച്ച സ്പെഷ്യൽ മാര്യേജ് ആക്ട് മാത്രമാണ്. അതിൽ ആശ്രയം കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്.' ഷുക്കൂർ വക്കീലിന്റെ വാക്കുകൾ. 1994 ഒക്ടോബർ 6നായിരുന്നു ഷുക്കൂർ വക്കീലും ഷീനയും വിവാഹിതരായത്. പാലക്കാട് പുതുപ്പരിയാരം പറക്കാട്ടിൽ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകളാണ് പി.എ. ഷീന. അന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ചെറുവത്തൂർ കാടങ്കോട് നസീമ മൻസിലിൽ വെച്ചായിരുന്നു തങ്ങളുടെ നിക്കാഹെന്ന് നീണ്ട കുറിപ്പിൽ ഷുക്കൂർ വക്കീൽ ഓർമിക്കുന്നു.

Post a Comment

0 Comments