Top News

ജയ്‌പുർ സ്ഫോടനം: വധശിക്ഷ വിധിക്കപ്പെട്ട 4 യുവാക്കളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

ജയ്‌പുർ: രാജസ്ഥാനിലെ ജയ്പുരിൽ 71 പേർ കൊല്ലപ്പെടുകയും 185 പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ട നാലു യുവാക്കളെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി. സർവാർ ആസ്മി, മുഹമ്മദ്, സെയ്ഫ്, സെയ്ഫുർ റഹ്‌മാൻ, സൽമാൻ എന്നിവരെയാണ് രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ചവരാണിവർ.[www.malabarflash.com]


ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, സമീർ ജെയിൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ മതിയായ തെളിവു ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടതായി ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു. കേസ് അന്വേഷിച്ച ഭീകരവിരുദ്ധ സ്ക്വാഡിനെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. യുവാക്കളെ മനഃപൂർവം കേസിൽ കുടുക്കുകയാണെന്നു കാട്ടി രംഗത്തുവന്ന കുടുംബാംഗങ്ങൾക്കു വേണ്ടി അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് പ്രൊട്ടക്‌ഷൻ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.

2008 മേയ് 13 നാണ് ജയ്പു‌രിനെ നടുക്കി ഒന്നിനു പുറകെ ഒന്നായി ഏഴിടങ്ങളിൽ സ്ഫോടനമുണ്ടായത്. ഇതുകൂടാതെ രാമചന്ദ്ര ക്ഷേത്രത്തിൽ കണ്ടെത്തിയ മറ്റൊരു ബോംബ് നിർവീര്യമാക്കുകയും ചെയ്തിരുന്നു. കേസിൽ ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരെന്ന് ആരോപിച്ച് പിടികൂടിയ അഞ്ചു പേരിൽ നാലു പേർക്കാണ് പ്രത്യേക കോടതി ജഡ്ജി അജയ്കുമാർ ശർമ 2019 ഡിസംബറിൽ വധശിക്ഷ വിധിച്ചത്. ഷഹബാസ് ഹസൻ എന്നയാളെ വിചാരണ കോടതി തന്നെ കുറ്റവിമുക്തനാക്കിയിരുന്നു.

Post a Comment

Previous Post Next Post