Top News

പോളിസി ഉടമ മരിച്ചെന്ന് അവകാശപ്പെട്ട് 2 കോടിയുടെ ഇൻഷുറൻസ് തുക തട്ടാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ

മുംബൈ: ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചുവെന്ന വ്യാജേന ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ ദിനേഷ് തക്‌സാലെ, അനില്‍ ലാത്‌കെ, വിജയ് മാല്‍വഡെ എന്നിവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ദിനേഷിന്‍റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പിനുള്ള ശ്രമം നടന്നത്.[www.malabarflash.com]


ദിനേഷ് 2015 ഏപ്രില്‍ മാസത്തിൽ രണ്ട് കോടി രൂപയുടെ എല്‍.ഐ.സി ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. തുടർന്ന് കൃത്യമായി പ്രീമിയം അടയ്ക്കുകയും ചെയ്തു. എന്നാല്‍, 2017-ൽ ദിനേഷ് മരിച്ചെന്ന് കാട്ടി ഇൻഷുറൻസ് തുകയ്ക്ക് അവകാശവാദമുന്നയിക്കുകയായിരുന്നു. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ഇത്. 2016-ല്‍ പൂനെയില്‍ വച്ച് ഇയാള്‍ കാറപകടത്തില്‍ മരിച്ചുവെന്നായിരുന്നു ഇവരുടെ വാദം.

എന്നാല്‍, സംഭവം അന്വേഷിച്ച എല്‍.ഐ.സി ജീവനക്കാര്‍ക്ക് ഇയാള്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമായി. പോളിസിയില്‍ ചേരുന്നതിനായി ദിനേഷ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും കണ്ടെത്തി.

തുടര്‍ന്ന്, എല്‍.ഐ.സി അധികൃതരുടെ പരാതിയില്‍ മുംബൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വര്‍ഷത്തില്‍ 35 ലക്ഷം രൂപ കൃഷിയിലൂടെ വരുമാനമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ദിനേഷ് പോളിസിയില്‍ ചേര്‍ന്നതെന്ന് ഡി.സി.പി മനോജ് പാട്ടീല്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post