Top News

തൃക്കണ്ണാട് ആറാട്ടുത്സവത്തിന് ഓലയും കുലയും കൊത്തി; കൊടിയേറ്റം വെള്ളിയാഴ്ച്ച

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ആറാട്ട് ഉത്സവത്തിന് ഓലയും കുലയും കൊത്തി.തൃക്കണ്ണാടപ്പന്റെ പ്രതിഷ്ഠ ദിനമാണ് മകരം 22. പ്രതിഷ്ഠദിനവും ഓലയും കുലയും കൊത്തലും ഒരേ ദിവസമാകുന്നത് അപൂർവതയാണത്രെ.[www.malabarflash.com]


പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പെരുമുടിത്തറയിലെ രാഘവൻ തറയിലച്ചൻ ഓലയും, അരവത്ത് പൂബാണം കുഴി ക്ഷേത്ര കഴകത്തിൽ പെടുന്ന അണിഞ്ഞ കയ്യിൽ തറവാട്ടിലെ അംഗം ചന്തുട്ടി കുലയും കൊത്തി.ബാര മഞ്ഞളത്ത് കുറുംബ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പവിത്രൻ കമ്പയും കയറും എത്തിച്ചു. നടപ്പന്തലിനുള്ള കവുങ്ങുകൾ ബേക്കൽ, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രങ്ങളിൽ നിന്നാണ് എത്തിക്കുക. മേൽശാന്തി നവീൻചന്ദ്ര കായർത്തായ കാർമികത്വം വഹിച്ചു.

ആറാട്ടുത്സവത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച കൊടിയേറും. അതിന് മുന്നോടിയായി രാവിലെ 8ന് കീഴൂർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ നിന്ന് കടലോരത്തിലൂടെ ശാസ്താവിന്റെയും കുതിരക്കാളിയമ്മയുടെയും എഴുന്നള്ളത് തൃക്കണ്ണാടേക്ക് പുറപ്പെടും. 9.30ന് കലാദർപ്പണയുടെ നൃത്താർച്ചന. 11നും 12നും മധ്യേയാണ്‌ കൊടിയേറ്റം. 12.30ന് കാഞ്ഞങ്ങാട് നൃത്താഞ്ജലിയുടെ നൃത്തനൃത്ത്യങ്ങൾ. ഉച്ചയ്ക്ക് അന്നദാനം. 4ന് കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം വക കലവറ നിറയ്‌ക്കൽ ഘോഷയാത്ര.

13ന് വൈകീട്ട് 5ന് ബേക്കലം കുറുംബ ഭഗവതി ക്ഷേത്രം വക കലവറ നിറയ്‌ക്കൽ ഘോഷയാത്ര. 8ന് അഷ്ടാവധാന പൂജ.14ന് അഷ്ടമിവിളക്ക് ഉത്സവം. രാവിലെ 10ന് അരവത്ത് നാട്യ സ്കൂളിന്റെ കൃഷ്ണ നൃത്തനാടകം. ഉച്ചപൂജയ്‌ക്ക്‌ ശേഷം പ്രവീൺ കുമാർ കോടോത്തിന്റെ ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക്‌ അന്നദാനം. 3ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്ര സദസ്സിന്റെ അക്ഷരശ്ലോകം. 8ന് യുഎഇ കമ്മിറ്റിയുടെ സീ മനോരമ നയിക്കുന്ന സൂപ്പർ സ്റ്റേജ് മെഗാ ഷോ.

15ന് പള്ളിവേട്ട ഉത്സവം. രാവിലെ 10ന് നാഗപൂജ. 11ന് ചൈത്ര ആൻഡ് പാർട്ടിയുടെ നൃത്താർച്ചന. ഉച്ചയ്ക്ക് അന്നദാനം. രാത്രി 8ന് പള്ളിവേട്ട എഴുന്നള്ളത്ത്.10ന് നാഗത്തറ പൂജ. 10.45ന് ദർശനബലി.

16നാണ് ആറാട്ട് ഉത്സവം. രാവിലെ 8ന് പള്ളിയുണർത്തൽ. 10ന് കർമ സ്കൂളിന്റെ ഭാരതനാട്യ അരങ്ങേറ്റം. വൈകിട്ട് 4.30ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്‌. രാത്രി 8ന് തിരുവനന്തപുരം അക്ഷയശ്രീയുടെ പുണ്യപുരാണ നാടകം.ആറാട്ടു കടവിൽ നിന്ന് എഴുന്നള്ളത്ത്‌ തിരിച്ചെത്തിയ ശേഷം തിടമ്പ് നൃത്തവും തുടർന്ന് കൊടിയിറക്കവും.

17ന് വൈകിട്ട് 4.30 ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്‌. രാത്രി 9ന് തെയ്യം കൂടൽ.

18ന് മഹാശിവരാത്രി. ഉച്ചയ്ക്ക്‌ മൂവാളംകുഴി ചാമുണ്ഡി തെയ്യം.
വൈകിട്ട് 6ന് പ്രദോഷപൂജ, 8ന് ഭജന. 9ന് കുട്ടികളുടെ നൃത്തനിശ. പുലർച്ചെ തിടമ്പുനൃത്തത്തോടെ സമാപനം.10 മുതൽ 15 വരെ എല്ലാ ദിവസവും ഭജനയും ശ്രീഭൂതബലിയും ഉണ്ടായിരിക്കും. കോവിഡിനെതുടർന്ന് ചടങ്ങിൽ ഒതുക്കിയ ശേഷം നടത്തുന്ന ഉത്സവമാണിത്.

ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരികയാണെന്ന് ട്രസ്റ്റി ബോർഡ് അംഗങ്ങളും ആഘോഷ കമ്മിറ്റി ഭാരവാഹികളും അറിയിച്ചു. ചൊവ്വാഴ്ച്ച ക്ഷേത്രവും പരിസരവും ശുചീകരിക്കും.

Post a Comment

Previous Post Next Post