NEWS UPDATE

6/recent/ticker-posts

വരാപ്പുഴ സ്‌ഫോടനം: മരിച്ചയാളെ തിരിച്ചറിഞ്ഞു; പടക്ക ശാലക്ക് ലൈസന്‍സില്ലെന്ന് കളക്ടര്‍

എറണാകുളം: വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കടയുടമയായ ജയിസന്റെ ബന്ധു മുട്ടനകം ഈരയില്‍ ഡേവിസ് (55) ആണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്കുള്‍പ്പടെ ഏഴ് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.[www.malabarflash.com]

ജെന്‍സണ്‍ (38), ഫ്രെഡിന(30), കെ.ജെ മത്തായി (69), എസ്തര്‍(7), എല്‍സ (5), ഇസബെല്‍ (8), നീരജ്(30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അതേസമയം സ്‌ഫോടനമുണ്ടായ പടക്ക ശാലക്ക് ലൈസന്‍സില്ലെന്ന് ജില്ലാ കളക്ടര്‍ രേണു രാജ പറഞ്ഞു. പടക്കം വില്‍ക്കുന്നതിന് ലൈസന്‍സ് ഉണ്ടെന്ന് ചില ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കളക്ടര്‍ നിഷേധിക്കുകയായിരുന്നു. പൂര്‍ണമായും അനധികൃതമായാണ് പടക്കം നിര്‍മ്മാണം നടത്തിയതെന്ന് കളക്ടര്‍ പറഞ്ഞു. സംഭവത്തില്‍ തഹസില്‍ദാറോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അനധികൃതമായാണോ പടക്ക നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചതെന്ന് അന്വേഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു.

വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ ചില വീടുകളും തകര്‍ന്നു. വരാപ്പുഴ ഭാഗത്തെ കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. സംഭവത്തില്‍ കെട്ടിടത്തിന്റെ 14 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ പ്രകമ്പനമുണ്ടായത്. 

അപകടമുണ്ടായ സ്ഥലത്തേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ എത്താന്‍ വൈകിയിരുന്നു. റോഡില്‍ പൈപ്പിട്ട് വെള്ളമെത്തിച്ചായിരുന്നു കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കിയത്.

Post a Comment

0 Comments